ന്യൂയോർക്ക്: അമേരിക്കയിൽ ജന്മദിന പാർട്ടിയ്ക്കിടയിലുണ്ടായ വെടിവെയ്പ്പിൽ നാല് മരണം. അലബാമയിലുണ്ടായ ആക്രമണത്തിൽ 16ൽ അധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെയാണ് വെടിവെയ്പുണ്ടായത് എന്നാണ് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അലബാമയിലെ ഡാഡെവില്ലയിലെ സംഭവസ്ഥലത്ത് കനത്ത പൊലീസ് വിന്യാസമുള്ളതായും പരിക്കേറ്റ നിരവധി കൗമാരക്കാരെ അവിടെ നിന്നും പ്രദേശത്തെ ആശുപത്രികളിലേയ്ക്ക് മാറ്റിയതായും മാദ്ധ്യമങ്ങൾ അറിയിക്കുന്നു.
കൗമാരക്കാരന്റെ ജന്മദിനാഘോഷത്തിനിടയിലുണ്ടായ തർക്കമാണ് വെടിവെപ്പിലേയ്ക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. അതേസമയം കഴിഞ്ഞമാസം 27-ന് ടെന്നസിയിലെ നാഷ്‌വില്ലെയിലെ എലമെന്ററി സ്കൂളിലുണ്ടായ വെടിവെപ്പിൽ വിദ്യാർത്ഥികളടക്കം ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മൂന്ന് വിദ്യാർത്ഥികളും മൂന്ന് സ്കൂൾ ജീവനക്കാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.ബർട്ടൺ ഹില്ലിലെ പ്രെസ്ബിറ്റീരിയൻ ചർച്ചിനോട് ചേർന്ന് പ്രവർത്തിക്കുന്ന കവനന്റ് സ്കൂളിലെത്തിയ തോക്കുധാരി നിറയൊഴിക്കുകയായിരുന്നു. 28-കാരിയായ വനിതയാണ് ആക്രമണം നടത്തിയത്. ഇവരെ നാഷ്‌വില്ലെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. എന്നാൽ ഇതിന് മുൻപ് തന്നെ മൂന്ന് കുട്ടികളടക്കം വെടിയേറ്റ് മരിച്ചിരുന്നു.
ഏകദേശം 330 മില്യൺ ജനസംഖ്യയുള്ള അമേരിക്കയിൽ 400 മില്യണിലധികം തോക്കുകൾ ഉപയോഗത്തിലുള്ളതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇടയ്ക്കിടെ സ്കൂളുകളിലും പൊതു സ്ഥലങ്ങളിലും വെടിവെയ്പ്പുണ്ടാകുന്നത് തുടർക്കഥയായതോടെ രാജ്യത്ത് തോക്ക് കൈവശം വെയ്ക്കുന്നത് സംബന്ധിച്ച നിയമങ്ങളിൽ നിയന്ത്രണം കൊണ്ട് വരണമെന്ന ആവശ്യം ശക്തമായിരുന്നു. വിവിധ പ്രവിശ്യകളിൽ ഇത് സംബന്ധിച്ച് പ്രതിഷേധവുമരങ്ങേറിയിരുന്നു



