ദുബായില്‍ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 16 പേര് മരണപ്പെട്ടു. കേരളത്തില്‍ നിന്നുള്ള ദമ്പതികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാരും മരണപ്പെട്ടതായും ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായുമാണ് മാധ്യമ റിപ്പോര്‍ട്ട് പുറത്തുവന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 12:35 ഓടെയാണ് ദുബയ് അല്‍ റാസിലെ കെട്ടിടത്തില്‍ തീപിടിത്തമുണ്ടായതായി ദുബായ് സിവില്‍ ഡിഫന്‍സ് ഓപ്പറേഷന്‍സ് റൂമില്‍ അറിയിച്ചതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടിത്തമുണ്ടായത് പിന്നീട് മറ്റ് ഭാഗങ്ങളിലേക്കും പടരുകയായിരുന്നു. തുടര്‍ന്ന് ദുബയ് സിവില്‍ ഡിഫന്‍സ് ആസ്ഥാന നിന്നുള്ള സംഘം തീപിടുത്തമുണ്ടായ സ്ഥലത്ത് എത്തി കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിക്കാന്‍ തുടങ്ങി. പോര്‍ട്ട് സയീദ് ഫയര്‍ സ്റ്റേഷന്, ഹംരിയ ഫയര്‍ സ്റ്റേഷന് എന്നിവിടങ്ങളില്‍ സംഘങ്ങളെയും രക്ഷാപ്രവര്‍ത്തനത്തിനായി വിളിച്ചുവരുത്തി. പ്രാദേശിക സമയം ഉച്ചയ്ക്ക് 2:42 ഓടെ തീ അണച്ചതായാണ് റിപ്പോര്‍ട്ടുളളത്. സാമൂഹിക പ്രവര്ത്തകന് നസീര്‍ വാടാനപ്പള്ളി കേരളത്തില്‍ നിന്നുള്ള ദമ്പതികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാരെ മോര്‍ച്ചറിയിലെത്തി തിരിച്ചറിഞ്ഞതായും പത്രം റിപ്പോര്‍ട്ട് ചെയ്തു.
‘കെട്ടിടത്തില്‍ ജോലി ചെയ്തിരുന്ന കേരളത്തില്‍ നിന്നുള്ള ദമ്പതികളും തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് പേരും ഉള്‍പ്പെടെ 4 ഇന്ത്യക്കാരെയും 3 പാകിസ്ഥാന്‍കാരെയും ഒരു നൈജീരിയന്‍ സ്ത്രീയെയും തിരിച്ചറിയാന്‍ കഴിഞ്ഞു’ വടാനപ്പള്ളി പറഞ്ഞു. ദുബായ് പോലീസ്, ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്, മറ്റ് നയതന്ത്ര പ്രതിനിധികള്‍, മരിച്ചയാളുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുമായി സംസാരിച്ച് മറ്റ് കാര്യങ്ങള്‍ നടത്തിവരികയാണെന്നും വാടാനപ്പള്ളി പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ കെട്ടിടത്തിന് മതിയായ സുരക്ഷാക്രമീകരണങ്ങളില്ലെന്ന് തെളിഞ്ഞതായി ദുബായ് സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു



