സഭാ പ്രശ്നത്തില്‍ കത്ത് നല്കിയ കെ.സി.ജോസഫിനെ സുധാകരന് അപമാനിച്ചെന്ന വികാരം എ ഗ്രൂപ്പില്‍ ശക്തമാകുന്നു. ക്രൈസ്തവ സഭാ നേതൃത്വം കോണ്‍ഗ്രസില്‍ നിന്നും അകലുന്നു എന്ന് ചൂണ്ടിക്കാട്ടി കത്ത് നല്കിയ കെ.സി.ജോസഫിന്റെ നടപടിയെ അപക്വം എന്നാണ് സുധാകരന് വിശേഷിപ്പിച്ചത്. ഈ നടപടിയാണ് എ ഗ്രൂപ്പില്‍ സുധാകരനെതിരെ വികാരം ആളിക്കത്തിക്കുന്നത്. ജോസഫ് കത്ത് നല്കിയ ശേഷമാണ് കെപിസിസി അധ്യക്ഷന്‍ ബിഷപ്പുമാരെ കാണാന്‍ തീരുമാനിച്ചത്. എന്നിട്ടും ജോസഫിനെ അപമാനിക്കുകയാണ് സുധാകരന് ചെയ്തത് എന്ന വിലയിരുത്തലിലാണ് എ ഗ്രൂപ്പ്. സഭാ പ്രശ്നത്തില്‍ എ ഗ്രൂപ്പിന് വേണ്ടിയാണ് ജോസഫ് കത്ത് നല്‍കിയത്. ഇരുപതിന് രാഷ്ട്രീയ കാര്യ സമിതി വിളിക്കാന്‍ ആലോചനയുണ്ട്. ഈ പ്രശ്നം രാഷ്ട്രീയ കാര്യ സമിതിയില്‍ ഉന്നയിക്കാനാണ് എ ഗ്രൂപ്പ് നീക്കം.
കെപിസിസി നേതാക്കള്‍ക്കിടയില്‍ ഇപ്പോള്‍ കടുത്ത ഭിന്നത നിലനില്‍ക്കുകയാണ്. അതുകൊണ്ട് തന്നെയാണ് സുധാകരന് ജോസഫിനെതിരെ തിരിയാനും എ ഗ്രൂപ്പ് സുധാകരനെതിരെ തിരിയാനും കാരണമാകുന്നത്. ഉമ്മന്‍ചാണ്ടി-ചെന്നിത്തല കാലത്തുള്ളതുപോലെ ചര്‍ച്ചകള്‍ നേതാക്കള്‍ക്കിടയില്‍ നടക്കുന്നില്ല. ഇത് ഭിന്നത കൂട്ടാനും കാരണമാകുന്നു. പുന:സംഘടനയില്‍ ഗ്രൂപ്പുകളെ ഗൗനിക്കാത്തതാണ് പല പ്രശ്നങ്ങളും പുകയാന്‍ കാരണം. ഏകപക്ഷീയമായ തീരുമാനങ്ങളാണ് സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കൈക്കൊള്ളുന്നത് എന്ന് ആരോപണമുണ്ട്. ഇതിലുള്ള അപ്രിയമാണ് പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ മറ നീക്കി പുറത്ത് വരുന്നത്.
ക്രൈസ്തവ സഭാ നേതൃത്വവുമായി അടുക്കാന്‍ ബിജെ.പി നടത്തുന്ന ശ്രമങ്ങളും അതിനോടുള്ള ബിഷപ്പുമാരുടെ പ്രതികരണവും ഗൗരവമായി കാണണമെന്നും രാഷ്ട്രീയകാര്യസമിതിയോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടാണ് കെ.സി.ജോസഫ് കെപിസിസി പ്രസിഡന്റിനു കത്തു നൽകിയത്. ഈ കത്തും കോണ്‍ഗ്രസില്‍ തമ്മിലടിയ്ക്കാണ് വകവെച്ചത്. സുധാകരന്റെ പ്രസ്താവനയ്ക്ക് എതിരെ കെ.സി.ജോസഫ് തന്നെ രംഗത്ത് വന്നിട്ടുണ്ട്.
ബിജെപി നീക്കത്തിനെതിരെയുള്ള തന്റെ കത്ത് സദുദ്ദേശപരമായിരുന്നുവെന്നാണ് ജോസഫ് പറഞ്ഞത്. സുധാകരൻ തനിക്കെതിരെ പറയുമെന്ന് കരുതുന്നില്ല. സുധാകരനുമായി മൂന്നു പതിറ്റാണ്ടിന്റെ ബന്ധമുണ്ട്. നിലവിലെ സാഹചര്യത്തിൽ രാഷ്ട്രീയകാര്യ സമിതി വിളിക്കുന്നത് നല്ല കാര്യമാണെന്നും കെ.സി.ജോസഫ് പറഞ്ഞു.
കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി വിളിക്കണമെന്ന് ജോസഫ് നല്കിയ കത്തില്‍ ഊന്നല്‍ നല്കിയ കാര്യമായിരുന്നു. ആ ആവശ്യം വീണ്ടും ആവര്‍ത്തിക്കുകയാണ് ജോസഫ് ചെയ്തത്. ക്രൈസ്തവ സഭയെ അടുപ്പിക്കാനുള്ള ബി ജെ പി നീക്കത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ആശങ്ക വളരുന്നുണ്ട്. കാലിനടിയിലെ മണ്ണ് ചോര്‍ന്നു പോകുന്നത് കാണാതെ പോകരുതെന്നാണ് കത്തില്‍ കെ.സി.ജോസഫും ആവശ്യപ്പെട്ടത്.
ജോസഫ് കത്ത് നല്കിയ ശേഷമാണ് തലശേരിയിലെത്തി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കെ.സുധാകരന് കൂടിക്കാഴ്ച നടത്തിയത്. അതിനു ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ് സുധാകരന് ജോസഫിനെതിരെ പരാമര്‍ശം നടത്തിയത്. ബിജെപി നേതാക്കള്‍ ക്രിസ്ത്യൻ മതമേലധ്യക്ഷൻമാരെ കണ്ടത് ആശങ്കയുളവാക്കുന്നില്ല. ബിജെപിയുടെ സന്ദർശനം കൊണ്ട് ഒരു ചുക്കും കിട്ടാനില്ല. അവർ വന്നതുപോലെ പോകുമെന്നാണ് സുധാകരന് പറഞ്ഞത്. അതിനു ശേഷമാണ് ബിജെപി നേതാക്കളുടെ സന്ദര്‍ശനത്തെക്കുറിച്ചുള്ള കെ.സി.ജോസഫിന്റെ നിലപാട് അപക്വമാണെന്ന് സുധാകരന് പറഞ്ഞത്. ഇതാണ് എ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്.
`ശാരീരിക അവശതകളെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി സജീവമല്ലാതായതോടെ എ ഗ്രൂപ്പും പലതായി ചിതറി നില്‍ക്കുകയാണ്. കെ.സി.ജോസഫ്, ബെന്നി ബഹന്നാന്, എം.എം.ഹസന് എന്നിവര്‍ ഒരു വശത്ത് നില്‍ക്കുകയാണ്. ഗ്രൂപ്പിലെ യുവതുര്‍ക്കികള്‍ പലതും കെ.സി.വേണുഗോപാലിനൊപ്പമാണ് നിലകൊള്ളുന്നത്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ഏകശിലാ രൂപമായി നിലകൊള്ളുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ അഭാവം വന്നപ്പോള്‍ ഗ്രൂപ്പും ചിതറിയ അവസ്ഥയിലാണ്. ഇതും എ ഗ്രൂപ്പിനെ വിഷമിപ്പിക്കുന്നുണ്ട്.



