ടോക്കിയോ : ജപ്പാനിൽ പ്രതിസന്ധി സൃഷ്ടിച്ച് പക്ഷിപ്പനി വ്യാപനം. രോഗം ബാധിച്ച ആയിരക്കണക്കിന് പക്ഷികളെയാണ് കൊന്നത്. മുട്ടയുടെ വില റെക്കാഡ് ഉയരത്തിലേക്ക് കുതിച്ചുയരുകയും ചെയ്തു. അതിനിടെ ചത്ത കോഴികളെയും മറ്റും മറവ് ചെയ്യാൻ മതിയായ ഇടം ഇല്ല എന്നതാണ് ജപ്പാൻ ഇപ്പോൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന്.
ഏകദേശം 17 ദശലക്ഷം പക്ഷികളെയാണ് പക്ഷിപ്പനിയെ തുടർന്ന് രാജ്യമെമ്പാടും കൊന്നത്. വ്യാപനം തടയാനും മലിനീകരണം ഇല്ലാതിരിക്കാനും ചത്ത പക്ഷികളുടെ ശരീരങ്ങൾ ശരിയായി മറവ് ചെയ്യേണ്ടത് അനിവാര്യമാണ്. എന്നാൽ ഇതിന് വേണ്ട സ്ഥലത്തിന് കടുത്ത ക്ഷാമം നേരിടുന്നതായി പ്രാദേശിക ഭരണകൂടങ്ങളും കർഷകരും പരാതി പറയുന്നു.
ജപ്പാനിൽ പല പ്രമുഖ സ്ഥാപനങ്ങളും കോഴിയിറച്ചി, മുട്ട എന്നിവ കൊണ്ടുള്ള ഭക്ഷണ പദാർത്ഥങ്ങളുടെ വില്പന നിറുത്തുകയോ വില ഉയർത്തുകയോ ചെയ്തിട്ടുണ്ട്. 26 പ്രവിശ്യകളിൽ 16 എണ്ണത്തിലും പക്ഷികളെ മറവ് ചെയ്യാൻ വേണ്ടത്ര സ്ഥലം കുറവാണ്. ജപ്പാനിലെ 26 പ്രവിശ്യകളിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു.



