ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഇന്ത്യയ്ക്ക് അപകടകരമാണെന്ന് ഡൽഹി മുൻ വിദ്യാഭ്യാസ മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയ. മദ്യനയ അഴിമതിക്കേസിൽ ജയിലിലാണ് സിസോദിയ ഇപ്പോൾ.രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹമെഴുതിയ കത്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
‘ഇന്നത്തെ യുവാക്കൾ അഭിലാഷമുള്ളവരും, എന്തെങ്കിലും നേടാൻ ആഗ്രഹിക്കുന്നവരുമാണ്. അവർ അവസരങ്ങൾ തേടുന്നു. അവർ ലോകത്തെ ജയിക്കാൻ ആഗ്രഹിക്കുന്നു. അവർ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസം കുറഞ്ഞ ഒരു പ്രധാനമന്ത്രിക്ക് ഇന്നത്തെ യുവാക്കളുടെ അഭിലാഷം നിറവേറ്റാനുള്ള ശേഷിയുണ്ടോ?
ശാസ്ത്രവും സാങ്കേതികവിദ്യയും അനുദിനം പുരോഗമിക്കുകയാണ്. ലോകം ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഈയവസരത്തിൽ അശുദ്ധമായ അഴുക്കുചാലിൽ പൈപ്പ് കയറ്റി, വൃത്തികെട്ട വാതകത്തിൽ നിന്ന് ചായയോ ഭക്ഷണമോ ഉണ്ടാക്കാം എന്ന് പ്രധാനമന്ത്രി പറയുന്നത് കേൾക്കുമ്പോൾ എന്റെ ഹൃദയം തകർന്നു പോകുന്നു. അഴുക്ക് വാതകത്തിൽ നിന്ന് ഭക്ഷണം പാകം ചെയ്യാമോ? ഇല്ല.
ഇന്ത്യൻ പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം കുറവാണെന്നും ശാസ്ത്രത്തിൽ അടിസ്ഥാനപരമായ അറിവില്ലെന്നും ലോകത്തിന് മുഴുവൻ അറിയാം. മോദിയെ കെട്ടിപ്പിടിക്കുന്ന മറ്റ് രാജ്യത്തെ തലവന്മാർ ഓരോ ആലിംഗനത്തിനും വലിയ വിലയാണ് ഈടാക്കുന്നത്. ഏത് പേപ്പറിലാണ് അവർ ഒപ്പിടുന്നതെന്ന് അറിയില്ല, കാരണം പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം കുറവായതിനാൽ മനസിലാകില്ല.’- എന്നാണ് കത്തിൽ പറയുന്നത്.
അടുത്തകാലങ്ങളിൽ 60,000 സ്‌കൂളുകൾ അടച്ചുപൂട്ടിയെന്നും സിസോദിയ ആരോപിക്കുന്നു. വിദ്യാഭ്യാസത്തിന് മോദി സർക്കാർ മുൻഗണന നൽകുന്നില്ലെന്നാണ് ഇത് കാണിക്കുന്നതെന്ന് കത്തിൽ പറയുന്നു. താൻ വിദ്യാസമ്പന്നനല്ലെന്ന് അഭിമാനത്തോടെ പറയുന്ന മോദിയുടെ ഒരു വീഡിയോ കണ്ടു. ഗ്രാമത്തിലെ ഒരു സ്‌കൂളിൽ മാത്രമാണ് താൻ പഠിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറയുന്നു. നിരക്ഷരനാണോ വിദ്യാഭ്യാസം കുറഞ്ഞവനാണോ എന്നത് അഭിമാനിക്കാവുന്ന കാര്യമാണോയെന്നും സിസോദിയ ചോദിക്കുന്നു.
മോദിയുടെ ബിരുദത്തിന്റെ വിശദാംശങ്ങൾ വിവരാവകാശത്തിലൂടെ (ആർടിഐ) ചോദിച്ചതിന് ഗുജറാത്ത് ഹൈക്കോടതി അടുത്തിടെ അരവിന്ദ് കെജ്രിവാളിന് 25,000 രൂപ പിഴ ചുമത്തിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സിസോദിയയുടെ കത്ത്.



