ന്യൂഡൽഹി: ദുർബല ജനവിഭാഗങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന സർക്കാർ ഇതര സന്നദ്ധ സംഘടനായ ഓക്സ്ഫാം ഇന്ത്യയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിദേശ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് അന്വേഷണത്തിന് ശിപാർശ നൽകിയിരിക്കുന്നത്. ഓക്സ്ഫാം ഇന്ത്യ എഫ്സിആർഎ വ്യവസ്ഥകൾ ലംഘിച്ചെന്നാണ് ആരോപണം.
വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്സിആർഎ) രജിസ്ട്രേഷൻ ഓക്സ്ഫാം ഇന്ത്യക്ക് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പുതുക്കി നൽകിയിരുന്നില്ല. രജിസ്ട്രേഷൻ പുതുക്കി നൽകാതെ ഏകദേശം 14 മാസങ്ങൾക്ക് ശേഷമാണ് കേസ് എടുക്കാൻ എംഎച്ച്എ ശിപാർശ നൽകിയിരിക്കുന്നത്.
എഫ്സിആർഎ വ്യവസ്ഥകൾ പ്രകാരം സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള രജിസ്ട്രേഷൻ 2021 ഡിസംബർ 31 വരെയാണ് സ്ഥാപനം എടുത്തിരിക്കുന്നത്. ഇതിനു ശേഷം രജിസ്ട്രേഷൻ പുതുക്കി നൽകിയിട്ടില്ല. എന്നാൽ ഇതിനു ശേഷവും ഓക്സ്ഫാം ഇന്ത്യ വിവിധ സംഘടനകൾക്ക് വിദേശ പണം കൈമാറിയതായി എംഎച്ച്എ കണ്ടെത്തി.



