ഫിലഡൽഫിയ: വയനാട് പാർലമെന്റ് അംഗം രാഹുൽഗാന്ധിയെ ജനാധിപത്യവിരുദ്ധമായ രീതിയിൽ അഅയോഗ്യനാക്കിയ കോടതി വിധിയെ ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസ് പെൻസിൽവാനിയ ചാപ്റ്റർ അപലിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
പെൻസിൽവാനിയ ചാപ്റ്റർ പ്രസിഡന്റ് സാബ സ്കറിയായുടെ അധ്യക്ഷതയിൽ മാർച്ച് 31 വെള്ളിയാഴ്ച പന്പ ഇന്ത്യൻ കമ്യൂണിറ്റി സെന്ററിൽ ചേർന്ന യോഗത്തിൽ സാബു സ്കറിയ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു സംസാരിച്ചു.
നാലു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു തന്റെ മണ്ഡലത്തിൽ വികസനത്തിനായി പ്രവർത്തിക്കുന്ന ജനപ്രതിനിധിയെയാണ് മോദി സർക്കാർ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത്. ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുന്നു എന്നു മനസിലാക്കിയ ബിജെപി, മോദി സമുദായത്തെ അപകീർത്തിപ്പെടുത്താൻ രാഹുൽഗാന്ധി ശ്രമിച്ചുവെന്ന കള്ളവും എന്നാൽ തികച്ചും ദുർബലവും മേൽകോടതിയിൽ യാതൊരു കാരണവശാലും നിലനിൽക്കാത്തതുമായ കേസ് ചമച്ചു കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിന് തടയിടാൻ ശ്രമിക്കുന്ന വിലകുറഞ്ഞ രാഷ്ട്രീയ കുതന്ത്രമാണ് ഒരുക്കുന്നെതെന്നും ഇത് തികച്ചും ഫാസിസ് ഭരണഭീകരതയാണെന്നും ഇതിനെതിരേ ലോകമെന്പാടുമുള്ള ജനാധിപത്യ വിശ്വാസികൾ അണിനിരന്നു പ്രതികരിക്കണമെന്നും ഐഒസി പെൻസിവാനിയ പ്രതിനിധികൾ ആവശ്യപ്പെട്ടു.



