മാൻഹാട്ടൻ: വിരലടയാളം പതിപ്പിച്ചു. ചിത്രം എടുത്തില്ല, കൈവിലങ്ങുകളും ഒഴിവാക്കി. നാടകീയതകൾ ഒന്നും ഇല്ലാതെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കീഴടങ്ങൽ ‘ചടങ്ങിന്’ പരിസമാപ്തി. ഒരു മണിക്കൂറിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ട്രംപ് മൻഹാട്ടൻ ഡിസ്ട്രിക്ട് അറ്റോണി ഓഫീസിലെ 15 ആം നിലയിലെ കോടതി മുറി വിട്ടു. മാധ്യമങ്ങളോട് പ്രതികരിക്കാതെ ആണ് ട്രംപ് കോടതി പരിസരം വിട്ടത്. 2024 ജനുവരിയിൽ കേസിന്റെ വിചാരണ തുടങ്ങും എന്നാണു ജഡ്ജി നൽകുന്ന സൂചന.

കോടതി മുറിയിൽ പ്രതികൾക്ക് വേണ്ടിയുള്ള ഡെസ്കിൽ അഭിഭാഷക സംഘത്തിന്റെ മധ്യത്തിൽ ആണ് ട്രംപ്രിരുന്നത്. വാർത്തകൾ പ്രചരിച്ചിരുന്ന പോലെ 34 കൗണ്ട് ചാർജുകളാണ് ട്രംപിനെതിരെ ചുമത്തിയത്. കോടതിയിൽ വച്ച് സീൽ തുറന്ന കുറ്റപത്രം വായിച്ചു കേട്ട മുൻ പ്രസിഡണ്ട് കുറ്റം നിഷേധിച്ചു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി പ്രത്യേക ജാമ്യം കൂടാതെ തന്നെ 76 വയസ്സുകാരനായ ട്രംപിന് പുറത്തു വരാൻ കഴിഞ്ഞു. അവിടെനിന്നു നേരെ വാഹന വ്യൂഹത്തിനു സമീപത്തേക്ക്.

5 ഫോട്ടോഗ്രാഫർമാർക്ക് മാത്രം ആയിരുന്നു കോടതി മുറിയിൽ പ്രവേശനം. നടപടികൾ തുടങ്ങും മുൻപ് ചിത്രം എടുത്തു മടങ്ങാനും ജഡ്ജി നിർദേശിച്ചിരുന്നു. ജോ ടാകോപിന, സൂസൻ നെഷെൽസ്‌, ടോഡ് ബ്ലാങ്കെ എന്നിവരാണ് കോടതിയിൽ ട്രംപിനെ പ്രതിനിധീകരിച്ചത്.

തിരഞ്ഞെടുപ്പു ചട്ടം ലംഘിച്ചു പോൺ താരത്തിനു പണം നൽകിയ കേസിലാണ്മു ൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാൻഹാട്ടൻ ക്രിമിനൽ കോടതിയിൽ ഹാജരായി കീഴടങ്ങിയത്. കനത്ത സുരക്ഷാ സംവിധാനങ്ങൾക്ക് നടുവിലൂടെ ആയിരുന്നു ഫിഫ്ത് അവന്യൂ വിലെ ട്രംപ്വീ ടവറിൽ നിന്ന് 6 മൈൽ ദൂരം സഞ്ചരിച്ച് അദ്ദേഹം കോടതിയിൽ എത്തിയത്. 8 വാഹനങ്ങൾ ട്രംപിന് അകമ്പടി സേവിച്ചു. മൻഹാട്ടൻ ഡിസ്ട്രിക്ട് അറ്റോണി ഓഫീസിൽ പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തു നടപടി ക്രമങ്ങൾ ആരംഭിച്ചു. ഇതോടെ അറസ്റ്റിൽ ആകുന്ന ആദ്യ യുഎസ് മുൻ പ്രസിഡന്റ് എന്ന അപഖ്യാതിയും ട്രമ്പിനായി.

കോടതിയുടെ കുറ്റാരോപണം ‘അയഥാർഥ്യം ‘ എന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം ജഡ്ജിയുടെ മുന്നിലേക്ക് പോയത്. ‘വൗ … അമേരിക്കയിൽ ആണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. MAGA’ എന്ന് സ്വന്തം പ്ലാറ്റഫോം ആയ ട്രൂത്ത് സോഷ്യലിൽ അദ്ദേഹം കുറിച്ചു. അതേസമയം പ്രസിഡന്റ് ജോ ബൈഡൻ മറ്റു തിരക്കുകളിൽ ആണെന്നാണ് വൈറ്റ് ഹൗസ്‌ ഇതേക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചത്.