ക്വാലലംപുർ: ഗുരുതരമായ കുറ്റകൃത്യങ്ങൾക്കുള്ള നിർബന്ധിത വധശിക്ഷ റദ്ദാക്കാൻ മലേഷ്യൻ പാർലമെന്റ് തീരുമാനിച്ചു. പുതിയ ബിൽ നിയമമാകുന്നതോടുകൂടി 1300ൽ അധികം വരുന്ന തടവുകാർ വധശിക്ഷയിൽ നിന്നു രക്ഷപ്പെടുമെന്നാണ് വിവരം. ബില്ലിന് ഇനി ഉപരിസഭയുടെയും രാജാവിന്റെയും അനുമതി വേണം.
കൊലപാതകം, ലഹരിമരുന്ന് കടത്ത്, രാജ്യദ്രോഹം, തട്ടിക്കൊണ്ടുപോകൽ, ഭീകരപ്രവർത്തനം തുടങ്ങി പതിനൊന്നോളം കേസുകളിൽ വധശിക്ഷയല്ലാതെ മറ്റൊരു വിധി മലേഷ്യൻ നിയമപ്രകാരം സാധ്യമല്ലായിരുന്നു. അത്തരം കേസുകളിൽ പരമാവധി 40 വർഷം വരെ തടവുശിക്ഷ ഏർപ്പെടുത്താവുന്ന തരത്തിൽ നിയമം പരിഷ്കരിക്കാനാണ് നീക്കം.
പുതിയ നിയമം പ്രാബല്യത്തിലായാൽ വധശിക്ഷ ഒഴിവാക്കാൻ അപ്പീൽ പോകാൻ സാധിക്കും. അതേസമയം, മരണശിക്ഷ നൽകേണ്ട കേസുകളിൽ അവ നൽകാൻ കോടതികൾക്ക് കഴിയുമെന്നും ചില കേസുകളിൽ മരണശിക്ഷ നിർബന്ധമെന്ന നിബന്ധന മാറ്റിയതേ ഉള്ളൂവെന്നും മലേഷ്യൻ ഉപ നിയമന്ത്രി രാംകർപാൽ സിംഗ് പറഞ്ഞു.
2018 മുതൽ മലേഷ്യയിൽ വധശിക്ഷയ്ക്ക് മൊറട്ടോറിയം ഉണ്ട്. എന്നാൽ കോടതികൾ വധശിക്ഷ വിധിക്കുന്നത് തുടരുകയാണ്. അഞ്ഞൂറിലേറെ വിദേശികളും മലേഷ്യയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിട്ടുണ്ട്.



