ലക്‌നൗ: അപകീർത്തിക്കേസിൽ അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധിയോട് ഏപ്രിൽ 22നകം ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ലോക്‌സഭാ ഹൗസിംഗ് കമ്മിറ്റി. ഇതിനിടെ രാഹുലിന് ക്ഷേത്രപരിസരത്ത് വീട് നൽകാമെന്ന് അറിയിച്ച് പിന്തുണ നൽകി രംഗത്തെത്തിയിരിക്കുകയാണ് അയോദ്ധ്യയിലെ ഹനുമാൻഗാ‌ർഹി ക്ഷേത്രപുരോഹിതൻ.

ഹനുമാൻഗാ‌ർഹി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ മഹന്ദ് ഗ്യാൻ ദാസിന്റെ മകനായ മഹന്ദ് സഞ്ചയ് ദാസ് ആണ് രാഹുൽ ഗാന്ധിയ്ക്ക് പിന്തുണ അറിയിച്ചത്. പുണ്യനഗരത്തിലേയ്ക്ക് ക്ഷേത്ര ദർശകർ രാഹുലിനെ സ്വാഗതം ചെയ്യുകയാണെന്നും സഞ്ചയ് ദാസ് പറഞ്ഞു. ‘രാഹുൽ ഗാന്ധി അയോദ്ധ്യയിൽ വന്ന് ഹനുമാൻഗാർഹി ക്ഷേത്രത്തിൽ ദ‌ർശനം നടത്തണം. ക്ഷേത്രപരിസരത്തായി ധാരാളം ആശ്രമങ്ങളുണ്ട്. അദ്ദേഹം ആശ്രമത്തിൽ താമസിക്കണം. ഇത് ഞങ്ങൾക്ക് ഏറെ സന്തോഷം നൽകും’- സഞ്ചയ് ദാസ് വ്യക്തമാക്കി. 2016ൽ രാഹുൽ ഗാന്ധി ഹനുമാൻഗാ‌ർഹി ക്ഷേത്രത്തിലെത്തുകയും മഹന്ദ് ഗ്യാൻ ദാസിൽ നിന്ന് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു.

ഭാരത് ജോഡോ യാത്രയ്ക്കിടെ ഉത്തർപ്രദേശിലെത്തിയ രാഹുൽ ഗാന്ധിയ്ക്ക് അയോദ്ധ്യയിലെ രാംജന്മഭൂമി ക്ഷേത്രത്തിന്റെ മുഖ്യപുരോഹിതനായ ആചാര്യ സത്യേന്ദ്ര ദാസും അനുഗ്രഹം നൽകിയിരുന്നു. തന്റെ ഉദ്യമത്തിൽ വിജയിക്കട്ടെയെന്നും രാജ്യത്തിന്റെ മഹത്തായ നന്മയ്ക്ക് വേണ്ടിയാണ് അദ്ദേഹം ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും രാഹുലിന് എഴുതിയ കത്തിൽ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.