നോയിഡ ആസ്ഥാനമായുള്ള കമ്പനിയായ മരിയോൺ ബയോടെക് നിർമ്മിക്കുന്ന രണ്ട് ചുമ സിറപ്പുകൾ ഉസ്‌ബെക്കിസ്ഥാനിലെ കുട്ടികൾക്കായി ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ആംബ്രോണോൾ സിറപ്പ്, ഡോക്ക്-1 മാക്‌സ് സിറപ്പ് എന്നിവയാണ് രണ്ട് ഉൽപ്പന്നങ്ങൾ. രണ്ട് ഉൽപ്പന്നങ്ങളും നിർമ്മിക്കുന്നത് ഉത്തർപ്രദേശിലെ മരിയോൺ ബയോടെക് ആണ്. 

ലബോറട്ടറി വിശകലനത്തിൽ രണ്ട് ഉൽപ്പന്നങ്ങളിലും അസ്വീകാര്യമായ അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ കൂടാതെ / അല്ലെങ്കിൽ എഥിലീൻ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി ഡബ്ല്യൂഎച്ച്ഒ അറിയിച്ചു. കഴിഞ്ഞ ഡിസംബറിലാണ് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ മരുന്നുകൾ കഴിച്ച് 19 കുട്ടികൾ മരിച്ചതായി ഉസ്ബക്കിസ്ഥാൻ ആരോഗ്യമന്ത്രാലയം അറിയിച്ചത്. 

‘ഈ രണ്ട് ഉൽപ്പന്നങ്ങൾക്കും മേഖലയിലെ മറ്റ് രാജ്യങ്ങളിൽ മാർക്കറ്റിംഗ് അംഗീകാരം ഉണ്ടായിരിക്കാം. അവ അനൗപചാരിക വിപണികളിലൂടെ മറ്റ് രാജ്യങ്ങളിലേക്കോ പ്രദേശങ്ങളിലേക്കോ വിതരണം ചെയ്തിരിക്കാം. ഈ അലേർട്ടിൽ പരാമർശിച്ചിരിക്കുന്ന നിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ സുരക്ഷിതമല്ലെന്നും അവയുടെ ഉപയോഗം, പ്രത്യേകിച്ച് കുട്ടികളിൽ, ഗുരുതരമായ പരിക്കോ മരണമോ ഉണ്ടാക്കിയേക്കാമെന്ന് യുഎൻ ആരോഗ്യ ഏജൻസി കൂട്ടിച്ചേർത്തു.

ഉസ്ബെക്കിസ്ഥാനിൽ 19 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട മരിയോൺ ബയോടെക് കമ്പനിയുടെ പ്രൊഡക്ഷൻ ലൈസൻസ് ഉത്തർപ്രദേശ് ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.