ഫോർട്ട് കൊച്ചി… ഇന്ത്യയിലെ തന്നെ മികച്ച ന്യൂ ഇയർ ഡെസ്റ്റിനേഷനുകളിൽ ഒന്നായി മാറുന്നു. ആ കാഴ്ച്ചയാണ് ന്യൂ ഇയർ സെലിബ്രേഷനിൽ കണ്ടത്. അഞ്ചു ലക്ഷത്തോളം പേരാണ് ന്യൂ ഇയർ ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ കൊച്ചിയിൽ എത്തിയതെന്നാണ് കരുതുന്നത്. എന്നാൽ ഇത്രയധികം ജനങ്ങളെ ഉൾക്കൊള്ളാൻ കൊച്ചി സജ്ജമാണോ? കൊച്ചിയിലെ ന്യൂ ഇയർ ആഘോഷപരിപാടികൾക്ക് തടസമായി ഉയരുന്ന പ്രധാന പ്രശ്നം സ്ഥലപരിമിതിയാണ്. കൊച്ചിയിലെ പുതുവത്സരരാവിലെ ആഘോഷപരിപാടികളിൽ പങ്കെടുക്കാനെത്തിയവരിൽ 200 ലധികം ആളുകളാണ് ചികിത്സ സഹായം തേടിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് യുവതിയെ ഓട്ടോയുടെ മുകളിൽ കിടത്തി ആശുപത്രിയിൽ എത്തിച്ച ദൃശ്യങ്ങളും വാർത്തകളും മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
വൻ ജനത്തിരക്കും യാത്രസൗകര്യത്തിന്റെ അപര്യാപ്തതയും ആഘോഷപരിപാടികൾക്കായി കൊച്ചിയിലെത്തിയ ജനങ്ങൾ നേരിട്ട പ്രധാന വെല്ലുവിളികൾ ആയിരുന്നു. ഡിസംബർ 31 ന് റോ-റോയിൽ വലിയ ജനതിരക്ക് അനുഭവപ്പെട്ടിരുന്നു. പപ്പാഞ്ഞിയെ കത്തിച്ച വെളി ഗ്രൗണ്ട് ജനനിബിഡമായിരുന്നു. നിരവധി പേർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായി പരാതികളും ലഭിച്ചിട്ടുണ്ട്.
‘നിയന്ത്രിക്കാനാവാത്ത വിധത്തിൽ ജനങ്ങൾ റോ റോ യിൽ ഇരച്ചു കയറുകയാണുണ്ടായത്, മിക്കവരും ടിക്കറ്റുകൾ പോലും എടുക്കാതെയാണ് കയറിയത്. ജനങ്ങളെ ഒരു തരത്തിലും നിയന്ത്രിക്കാനാകാത്ത അവസ്ഥയാണ് അന്ന് ഉണ്ടായത്.
കൊച്ചി കാർണിവലിനെ മോടി പിടിപ്പിച്ചാലോ ?
ഇന്ത്യയിലെ പ്രധാന ന്യൂ ഇയർ ഡെസറ്റിനേഷനുകളിൽ ഒന്നാണ് ഗോവ. പുതുവത്സരാഘോഷപരിപാടികൾ പലയിടങ്ങളിലായാണ് അവിടെ നടക്കുന്നത്. ഗോവയിൽ പാലോലം, കോൾവ, മൊബോർ, കലാങ്ഗുട്ട്, ബാഗ, മോർജിം തുടങ്ങി ന്യൂ ഇയർ പാർട്ടികൾക്കും ആഘോഷങ്ങൾക്കുമായി പല സ്ഥലങ്ങൾ ഗോവയിൽ ഉണ്ട്. ഇത്് നമുക്കും മാതൃകയാക്കാവുന്നതാണ്. 38 വർഷത്തിലധികമായി കൊച്ചിയുടെ മുഖമുദ്രയായ കൊച്ചി കാർണിവലിനെ ഒന്ന് മോടി പിടിപ്പിച്ചാലോ? കൊച്ചിയിലെ ബീച്ചുകളെ കേന്ദ്രീകരിച്ച് ഒരു പുത്തൻ പുതുവത്സരരാവ് വരും വർഷങ്ങളിൽ വിഭാവനം ചെയ്യാം. ഫോർട്ട് കൊച്ചി ബീച്ച്, വൈപ്പിൻ ബീച്ച്, പുതുവൈപ്പിൻ ബീച്ച്, ഞാറയ്ക്കൽ ബീച്ച്, കുഴുപ്പിള്ളി ബീച്ച് തുടങ്ങി പത്തിലധികം വരുന്ന കൊച്ചിയിലെ ബീച്ചുകളെ കേന്ദ്രീകരിച്ച് ഒരു മത്സരമായോ അല്ലാതെയോ കൊച്ചി കാർണിവലിന്റെ തനിമയും പൈതൃകവും നഷ്ടപ്പെടാതെ വരും വർഷങ്ങളിൽ പുതുവത്സരആഘോഷരാവും കൊച്ചിൻ കാർണിവലും നടത്തിയാൽ ജനത്തിരക്കും അപകടസാധ്യതയും ഒഴിവാക്കാവുന്നതാണ്. കൊച്ചിയിൽ വളരെ ചെറിയ ഏരിയ കേന്ദ്രീകരിച്ചാണ് പുതുവത്സരാവ് ആഘോഷങ്ങൾ നടക്കുന്നത് എന്നത് പ്രധാന പോരായ്മയാണ്.