ലക്നോ : യുപിയില്‍ മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ചശേഷം ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊന്നു. ഷാജഹാന്‍പൂര്‍ ജില്ലയിലെ തില്‍ഹാര്‍ മേഖലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ഡല്‍ഹിയിലേക്കുള്ള 14205 അയോധ്യ കാന്റ് ഓള്‍ഡ് ഡല്‍ഹി എക്സ്പ്രസിലാണ് ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ഒരാളെ ക്രൂരമായി മര്‍ദിച്ചശേഷം വലിച്ചെറിഞ്ഞത്. അക്രമത്തിന്റെ വീഡിയോ യാത്രക്കാരിലൊരാള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ട്രെയിന്‍ യാത്രക്കാരിയായ ഒരു സ്ത്രീയുടെ മൊബെെല്‍ ഫോൺ ഇയാളുടെ പക്കല്‍നിന്നും കണ്ടെത്തിയെന്നാരോപിച്ചായിരുന്നു ആക്രമണം. സഹയാത്രക്കാരായ ചിലര്‍ ഇയാളെ ക്രൂരമായി മര്‍ദിച്ചശേഷം ട്രെയിനിന് പുറത്തേക്ക് എറിയുകയായിരുന്നു.
തല ഓവര്‍ഹെഡ് ലൈനിലെ തൂണില്‍ ഇടിച്ചാണ് ഇയാള്‍ മരിച്ചത്. ഒരു കാല് ഛേദിക്കപ്പെട്ട നിലയിലാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ നരേന്ദ്ര ദുബെയ് എന്നയാളെ തില്‍ഹാര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതകം( ഐപിസി സെക്ഷന്‍ 302) ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടയാള്‍ ആരാണെന്ന് തിരിച്ചറിയാന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.



