തൃശ്ശൂര്‍: ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മൂന്ന് മരണം. മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനുമാണ് മരിച്ചത്. ആറ് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെത്തിക്കുകയും ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. ഒല്ലൂര്‍ സ്വദേശികളായ രാജേന്ദ്ര ബാബു (66), ഭാര്യ സന്ധ്യ (62), സമര്‍ഥ് (6) എന്നിവരുടെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 
.
ആറാട്ടുപുഴയിലെ ഒരു റിസോര്‍ട്ടില്‍ നടന്ന വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കുടുംബം. ആറാട്ടുപുഴ പാലത്തിന് അടിയിലുള്ള വഴിയിലൂടെ പോകുമ്പോള്‍ ഉച്ചയോടെയാണ് അപകടം ഉണ്ടായത്. എതിരെ വന്ന മറ്റൊരു കാറിന് വഴിയൊരുക്കുന്നതിനിടെ കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. അതേസമയം അടിപ്പാതയ്ക്ക് സംരക്ഷണഭിത്തിയില്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.