കർണ്ണാടക-മഹാരാഷ്ട്ര അതിർത്തിയ്ക്ക അടുത്തുള്ള കെഗ്നോലി ടോൾ പ്ലാസയിൽ സംഘർഷം. മഹാരാഷ്ട്ര ഏകീകരണ സമതിയിലെ പ്രവർത്തകരും എൻസിപി പ്രവർത്തകരും ഏറ്റുമുട്ടി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. മഹാമേള നടത്താൻ അനുവദിക്കാത്ത കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്കെതിരെ ബെലഗാവിക്ക് സമീപം തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി.

1960ൽ മഹാരാഷ്ട്ര സ്ഥാപിതമായതു മുതൽ അയൽ സംസ്ഥാനമായ കർണാടകയിലെ ബെലഗാവി (ബെൽഗാം) ജില്ലയുമായി ബന്ധപ്പെട്ട് അതിർത്തി തർക്കമുണ്ട്. ബെലഗാവിയിൽ 70 ശതമാനത്തോളം മറാത്ത സംസാരിക്കുന്നവരാണ്.

കർണാടക നിയമസഭയുടെ ശീതകാല സമ്മേളനത്തിന്റെ ഉദ്ഘാടന ദിനത്തിൽ എല്ലാ വർഷവും ബെലഗാവിയിൽ  മഹാരാഷ്ട്ര ഏകീകരണ സമതി(എംഇഎസ്) ഒരു കൺവെൻഷൻ നടത്താറുണ്ട്. അഞ്ച് പതിറ്റാണ്ടിലേറെയായി കർണ്ണാടകയും മഹാരാഷ്ട്രയും അതിർത്തി പ്രശ്‌നം തുടരുകയാണ്. കർണാടക നിയമസഭയുടെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി എംഇഎസ് പ്രവർത്തകർ വൻ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു.

കർണാടക നിയമസഭയുടെ 10 ദിവസത്തെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ ജില്ലാ ആസ്ഥാനമായ ബെലഗാവിയിലെ തിലകവാടിയിലെ വാക്‌സിൻ ഡിപ്പോ ഗ്രൗണ്ടിൽ എംഇഎസ് പ്രതിഷേധം സംഘടിപ്പിച്ചു. കർണാടക സർക്കാരിനെതിരെ പ്രതിഷേധിക്കാൻ നൂറുകണക്കിന് എംഇഎസ് പ്രവർത്തകരും നേതാക്കളും ഒത്തുകൂടി.

ബെലഗാവി നഗരം അതീവ ജാഗ്രതയിലാണ്. നഗരത്തിൽ ക്രമസമാധാനപാലനത്തിനായി അയ്യായിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ആറ് പോലീസ് സൂപ്രണ്ടുമാരും 11 അഡീഷണൽ പോലീസ് സൂപ്രണ്ടുമാരും 43 ഡെപ്യൂട്ടി എസ്പിമാരും 95 ഇൻസ്പെക്ടർമാരും 241 സബ് ഇൻസ്പെക്ടർമാരും പോലീസ് സംഘത്തിൽ ഉൾപ്പെടുന്നുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

പ്രതിഷേധത്തിൽ പങ്കെടുക്കാൻ ശിവസേന എംപി ധൈര്യഷീൽ മാനെ ബെലഗാവി നഗരത്തിൽ പ്രവേശിക്കുന്നത് ജില്ലാ ഭരണകൂടം വിലക്കി. ഹത്കനാങ്‌ലെ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമായ ധൈര്യഷീൽ മാനെ തന്റെ സന്ദർശനത്തിനുള്ള ക്രമീകരണങ്ങൾക്കായി ജില്ലാ അധികാരികൾക്ക് കത്തെഴുതിയിരുന്നു. ബെലഗാവി ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണർ നിതേഷ് കെ പാട്ടീലാണ് മാനെയുടെ പ്രവേശനം നിരോധിച്ചുകൊണ്ട് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

മഹാരാഷ്ട്രയും കർണാടകയും തമ്മിലുള്ള അന്തർസംസ്ഥാന അതിർത്തി തർക്കത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മധ്യസ്ഥത വഹിച്ചിരുന്നു. സുപ്രീം കോടതി ഈ വിഷയത്തിൽ തീരുമാനമെടുക്കുന്നതുവരെ ഒരു സംസ്ഥാനവും പ്രദേശത്തിന് അവകാശവാദങ്ങളോ ആവശ്യങ്ങളോ ഉന്നയിക്കരുതെന്നായിരുന്നു അമിത് ഷായുടെ ഉപദേശം.