ജയ്പുർ: രാജസ്ഥാനില്‍ യുവാവ് ബന്ധുവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പലസ്ഥലങ്ങളില്‍ ഉപേക്ഷിച്ചു. ജയ്പുരിലാണ് സംഭവം.
അനുജ് ശര്‍മ(32) എന്നയാളാണ് പിതാവിന്റെ സഹോദരിയായ ബന്ധു സരോജിനെ കൊന്നത്. ഡിസംബര്‍ 11ന് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പോകാനിരുന്ന അനുജിനെ സരോജ് തടഞ്ഞിരുന്നു. ഇതില്‍ കലിപൂണ്ട അനുജ് ഇവരെ കൊലപ്പെടുത്തുകയായിരുന്നു.
ജയ്പുരിലെ വിദ്യാഥറില് പിതാവിനും സഹോദരിക്കും ആന്റി സരോജിനുമൊപ്പമാണ് അനുജ് താമസിച്ചിരുന്നത്. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്കൊപ്പമായിരുന്നു സരോജിന്റെ താമസം.
ഡിസംബര്‍ 11ന് പിതാവും സഹോദരിയും ഇന്‍ഡോറില്‍ പോയിരുന്നു. ഈ സമയം ഡല്‍ഹിയിലേക്ക് പോകുകയാണെന്ന് അനുജ്, സരോജിനോടു പറഞ്ഞു. എന്നാല്‍ ഇവര്‍ അനുജിനെ തടഞ്ഞു. ഇതേചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി.
വഴക്കിനിടെ അക്രമാസക്തനായ അനുജ് ചുറ്റികകൊണ്ട് സരോജിനെ ആക്രമിച്ചു. സംഭവസ്ഥലത്ത് വച്ചുതന്നെ സരോജ് മരിച്ചു.
തുടര്‍ന്ന് മാര്‍ബിള്‍ കട്ടര്‍ ഉപയോഗിച്ച് അനുജ്, സരോജിന്റെ മൃതദേഹം 10 കഷണങ്ങളാക്കി മുറിച്ചു. പിന്നീട് ജയ്പുര്‍-സികാര്‍ ഹൈവേയിലെ പലസ്ഥലങ്ങളില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
തുടര്‍ന്ന് ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തി സരോജിനെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്കി. പോലീസുകാര്‍ക്കും ബന്ധുക്കൾക്കുമൊപ്പം ഇവരെ തെരയാനും അനുജ് മുന്നില്‍ നിന്നു.
എന്നാല്‍ അനുജിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ഇയാളെ ചോദ്യം ചെയ്തു. തുടര്‍ന്ന് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.



