തിരുവനന്തപുരം: പാറശാലയിലെ ഷാരോണ്‍ വധക്കേസിന്റെ അന്വേഷണം കേരളത്തില്‍ തുടരണമോ എന്ന കാര്യത്തില്‍ പോലീസ് വീണ്ടും നിയമോപദേശം തേടും. അഡ്വക്കേറ്റ് ജനറലിനോടാണ് ഡിജിപി നിയമോപദേശം തേടുക.
അന്വേഷണം തമിഴ്നാടിന് കൈമാറണമെന്ന് പോലീസിനു നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. റൂറല്‍ എസ്പി ഡി.ശില്പയ്ക്കാണ് നിയമോപദേശം ലഭിച്ചത്. കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും തമിഴ്നാട്ടില്‍വച്ചാണ്.
കുറ്റകൃത്യം സംബന്ധിച്ച ഭൂരിഭാഗം കാര്യങ്ങളും നടന്നത് സംസ്ഥാനത്തിനു പുറത്തായതിനാല്‍ തമിഴ്നാട് പോലീസ് തന്നെ തുടരന്വേഷണം നടത്തുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്യുന്നതാണ് അഭികാമ്യമെന്നായിരുന്നു നിയമോപദേശം. വിചാരണവേളയില്‍ കേരള പോലീസിന്റെ അധികാരപരിധി പ്രതികള്‍ ചോദ്യം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് അന്വേഷണം കൈമാറാനുള്ള നിര്‍ദേശം നല്‍കിയത്.
എന്നാല്‍ ഇതിനു പിന്നാലെ അന്വേഷണം തമിഴ്നാടിന് കൈമാറുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഷാരോണിന്റെ കുടുംബം രംഗത്തെത്തി. കേസ് തമിഴ്നാട്ടിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് ഇവര്‍ നിവേദനം നല്‍കിയതോടെ അന്വേഷണം കേരള പോലീസ് തന്നെ നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം ഉറപ്പുനല്‍കിയിരുന്നു.



