ബെയ്ജിംഗ്: അതികഠിനമായ കോവിഡ് നിയന്ത്രങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഭരണകൂടത്തെ വിമർശിക്കാൻ ബോളിവുഡ് താരം മിഥുൻ ചക്രവർത്തിയുടെ ഗാനത്തെ കൂട്ടുപിടിച്ച് ചൈനീസ് യുവാക്കൾ.
1982-ൽ പുറത്തിറങ്ങി ലോകമാകെ തരംഗമായ “ഡിസ്കോ ഡാൻസർ’ എന്ന ചിത്രത്തിലെ പാർവതി ഖാൻ ആലപിച്ച “ജിമ്മി ജിമ്മി ആ ജാ’ എന്ന ഗാനമാണ് ചൈനീസ് ട്വിസ്റ്റുമായി സാമൂഹ്യമാധ്യമങ്ങളിൽ പടരുന്നത്. “എനിക്ക് അരി തരൂ’ എന്ന് അർഥമുള്ള മാൻഡരിൻ പ്രയോഗമായ “ജെയ് – മി’യോടുള്ള സാദൃശ്യം ഉപയോഗിച്ചാണ് സാധാരണ പൗരന്മാരുടെ പ്രതിഷേധം.
ഒഴിഞ്ഞ പാത്രങ്ങൾ കൈയ്യിലെടുത്ത് ദാരിദ്യത്തെ സൂചിപ്പിക്കുന്ന രീതിയിൽ വരികൾക്ക് അർഥഭേദം കൽപ്പിച്ചുള്ള പ്രതിഷേധം കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകാനുള്ള അഭ്യർഥന കൂടിയാണ്. സാമൂഹ്യമാധ്യമങ്ങളെ ശക്തമായി നിരീക്ഷിക്കുന്ന ചൈനീസ് ഭരണകൂടം തമാശ കലർന്ന ഈ പ്രതിഷേധം ഇതുവരെ നിയന്ത്രിച്ചിട്ടില്ല.
ബപ്പി ലാഹിരി സംഗീതമൊരുക്കിയ “ഡിസ്കോ ഡാൻസർ’ സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്പ്, ആഫ്രിക്ക എന്നീ പ്രദേശങ്ങളിലും വൻ വാണിജ്യ വിജയം നേടിയ ചിത്രമാണ്. മിഥുൻ ചക്രവർത്തിയെ ബോളിവുഡിന്റെ മുൻനിരയിലേക്ക് ആനയിച്ച ചിത്രം കൂടിയാണിത്.



