തിരുവനന്തപുരം: പാറശാലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവാവ് ഷാരോണ്‍രാജിന്റെ രക്തപരിശോധനാഫലം പുറത്തുവന്നു. കഴിഞ്ഞ 14ന് ഇയാളെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയില്‍ ആന്തരിക അവയവങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചിരുന്നില്ലെന്നാണ് കണ്ടെത്തല്‍.
ഇയാളുടെ പെണ്‍സുഹൃത്ത് നല്കിയ പാനീയം കഴിച്ചതാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവാവ് മരിച്ചത്.
നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാന വര്‍ഷ ബിഎസ്സി റേഡിയോളജി വിദ്യാര്‍ഥിയായ ഷാരോണ്‍രാജ് കഴിഞ്ഞ 14ന് സഹപാഠിയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. പെണ്‍കുട്ടി നല്കിയ പാനീയം കഴിച്ച് ഛര്‍ദിച്ച് അവശനിലയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ പ്രശ്നമില്ലാത്തതിനാല്‍ പിന്നീട് വിട്ടയച്ചു.
തൊട്ടടുത്ത ദിവസം വായില്‍ വ്രണങ്ങള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് വെള്ളം പോലും കുടിക്കാന്‍ വയ്യാത്ത അവസ്ഥയിലേയ്ക്ക് മാറി. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചപ്പോള്‍ വൃക്കകളുടെ പ്രവര്‍ത്തനം താറുമാറായതായി ബോധ്യപ്പെട്ടു.
പെണ്‍കുട്ടി നല്കിയ ആസിഡ് അടങ്ങുന്ന പാനീയമാണ് യുവാവിന്റെ മരണത്തിനിടയാക്കിയതെന്ന ആരോപണവുമായി ഷാരോണിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ യുവാവിന്റെ പിതാവ് പാറശാല പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നാണ് ആരോപണം. അതേസമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
യുവാവും പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹ ആലോചന വന്നതോടെ ബന്ധത്തില്‍ വിള്ളലുണ്ടായതായി കുടുംബാംഗങ്ങള്‍ പറയുന്നു. പെണ്‍കുട്ടി ഇയാളെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നെന്നാണ് സൂചന.



