തിരുവനന്തപുരം: തിരുവനന്തപുരം രാജാജി നഗര്‍ കോളനിയിലെ പ്ലസ്ടു വിദ്യാര്‍ഥി റോഷന്‍റെ കാണാതായ ശ്രവണ സഹായി കണ്ടെത്തുന്നതിന് ഇടപെടലുമായി നഗരസഭ. സ്കൂൾ ബാഗിനൊപ്പം ശ്രവണ സഹായി കണ്ടുകിട്ടുന്നവർ നഗരസഭയെ സമീപിക്കണമെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു.

9895444067 എന്ന നമ്പരിൽ അറിയിക്കണമെന്നാണ് മേയർ ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചിരിക്കുന്നത്. ശ്രവണ സഹായി തിരികെ കിട്ടിയില്ലെങ്കിൽ പുതിയത് വാങ്ങാൻ നഗരസഭ നടപടി സ്വീകരിക്കും. സ്പോൺസര്‍ഷിപ്പിലൂടെ പണം കണ്ടെത്തി പുതിയത് വാങ്ങാനാണ് തീരുമാനമെന്നും മേയർ അറിയിച്ചു.

നാലുമാസം മുമ്പ് പുനര്‍ജനി പദ്ധതി പ്രകാരമാണ് റോഷന് ഒന്നരലക്ഷം രൂപ വില വരുന്ന ശ്രവണ സഹായി ലഭിച്ചത്. കഴിഞ്ഞ ദിവസം അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കവേയാണ് ശ്രവണ സഹായി സൂക്ഷിച്ച ബാഗ് നഷ്ടമായത്. ഇതോടെ സ്കൂളിൽ പോകാൻ പോലും കഴിയാത്ത അവസ്ഥയിലാണ് വിദ്യാർഥി.

ആര്യാ രാജേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ ദിവസം മാധ്യമ വാർത്തകളിലൂടെയാണ് തിരുവനന്തപുരം രാജാജി നഗർ സ്വദേശിയും വിദ്യാർത്ഥിയുമായ റോഷന്റെ അവസ്ഥ മനസിലാക്കുന്നത്. സ്ക്കൂളിൽ നിന്ന് വരുന്ന വഴിക്ക് ബധിര വിദ്യാർത്ഥിയായ റോഷന്റെ ശ്രവണ സഹായി നഷ്ടമായി. തന്റെ ജീവിതം മുന്നോട്ട് നയിച്ച എല്ലാമായിരുന്ന വിലപിടിപ്പുള്ള ശ്രവണ സഹായി നഷ്ടമായതോടെ ഈ വിദ്യാർത്ഥിയുടെ പഠനം വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ്.

ഏതാണ്ട് ഒന്നര ലക്ഷം രൂപ വിലവരുന്ന ശ്രവണ സഹായി പെട്ടന്ന് വാങ്ങി നൽകാൻ പറ്റുന്ന സാഹചര്യമല്ല ഈ കുടുംബത്തിനുള്ളത്. നഷ്ടപെട്ട ബാഗ് തിരികെ ലഭിക്കാൻ ഒരു നാട് ഒന്നാകെ ശ്രമിക്കുകയാണ്. കണ്ട് കിട്ടുന്നവർ ദയവായി നഗരസഭയേയോ 9895444067 എന്ന നമ്പരിലോ അറിയിക്കുക.

മറ്റൊരു കാര്യം, നഷ്ടമായ ശ്രവണ സഹായി തിരികെ ലഭ്യമായില്ലെങ്കിൽ പുതിയൊരെണ്ണം ലഭ്യമാക്കുന്നതിന് വേണ്ട നടപടി നഗരസഭ സ്വീകരിക്കും. എന്തായാലും റോഷന്റെ പഠനം മുന്നോട്ട് കൊണ്ട് പോകേണ്ടതായിട്ടുണ്ട്. എല്ലാവരും ഒപ്പമുണ്ടാകുമല്ലോ ….