ദോഹ: ഫുട്ബോൾ ലോകകപ്പിന് മോടി കൂട്ടാൻ തൊഴിലാളികളെ കുടിയിറക്കി ഖത്തർ ഭരണകൂടം. ലോകകപ്പ് ആസ്വദിക്കാനായി എത്തുന്ന വിദേശികൾക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്ന മേഖലകൾ “ശുദ്ധീകരിക്കാൻ’ വേണ്ടിയാണ് സാധാരണ തൊഴിലാളികളെ കുടിയൊഴിപ്പിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്.
ദോഹ നഗരമധ്യത്തിലെ തൊഴിലാളി ക്യാന്പുകളിൽ വസിക്കുന്ന അവിവാഹിതരായ ഏഷ്യൻ, ആഫ്രിക്കൻ വംശജരായ പുരുഷന്മാരെ പ്രത്യേകമായി തെരഞ്ഞുപിടിച്ചാണ് വസതികളിൽ നിന്ന് ഒഴിപ്പിച്ചത്.
ബുധനാഴ്ച മുതൽ നടക്കുന്ന കുടിയൊഴിപ്പിക്കൽ നടപടിയിൽ ലോകകപ്പ് വേദികളുടെ നിർമാണപ്രവർത്തിയിൽ പങ്കാളികളായ തൊഴിലാളികൾക്കടകം ആയിരക്കണക്കിന് ആളുകൾക്ക് കിടപ്പാടം നഷ്ടമായി.
താമസ സ്ഥലത്ത് നിന്ന് ഒഴിഞ്ഞ് പോകാൻ പലർക്കും ഏതാനും മണിക്കൂറുകൾ മാത്രമാണ് ലഭിച്ചതെന്ന് ആക്ഷേപമുണ്ട്. വസ്ത്രങ്ങളും അവശ്യവസ്തുക്കളും പോലും വസതികളിൽ നിന്ന് എടുക്കാൻ സാധിക്കാത്ത പലരും കെട്ടിടങ്ങളുടെ ടെറസിലും നിർമാണശാലകളിലുമാണ് കഴിയുന്നത്.
കുടുംബങ്ങൾ താമസിക്കുന്ന മേഖലയിൽ തൊഴിലാളി ക്യാന്പുകൾ അനുവദിക്കാനാവില്ലെന്ന 2010-ലെ നിയമത്തിന്റെ ബലത്തിലാണ് കുടിയൊഴിപ്പിക്കൽ നടപടികൾ ഭരണകൂടം നിർവഹിച്ചത്. തൊഴിലാളികളെ ഒഴിപ്പിച്ച കെട്ടിടങ്ങൾക്ക് സമീപം 200 ഡോളർ മുതൽ 400 ഡോളർ വരെ പ്രതിദിന വാടക നൽകേണ്ട മുറികൾ ലോകകപ്പ് ആരാധകർക്കായി ഒരുക്കിയിട്ടുണ്ട്.
എന്നാൽ സംഭവത്തിന് ലോകകപ്പ് ഒരുക്കങ്ങളുമായി ബന്ധമില്ലെന്നും രാജ്യത്തെ പാർപ്പിട മേഖലകൾ പുനർനിർണയിക്കാനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമായി തികച്ചും നിയമപരമായിയാണ് ഒഴിപ്പിക്കൽ നടത്തിയതെന്നും സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് പുനരധിവാസം ഒരുക്കിയെന്നും അധികൃതർ അവകാശപ്പെട്ടു. സംഭവത്തിൽ ലോകകപ്പ് സംഘാടകർ പ്രതികരണം നടത്തിയിട്ടില്ല.



