മെൽബൺ: ട്വന്റി-20 ലോകകപ്പിലെ സൗകര്യങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യൻ ടീം. നെതർലൻഡ്സിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിന് ശേഷം ലഭിച്ച ഭക്ഷണം തണുത്ത് പോയി എന്ന് നീലപ്പടയിലെ അംഗങ്ങൾ സംഘാടകരോട് പരാതി പറഞ്ഞു.
ബുധനാഴ്ച സിഡ്നി സ്റ്റേഡിയത്തിൽ നടന്ന പരിശീലനത്തിന് ശേഷം മിതമായ രീതിയിലുള്ള പാശ്ചാത്യ ഭക്ഷണം ലഭിച്ചതാണ് താരങ്ങളെ പ്രകോപിപ്പിച്ചത്. ചൂടേറിയ ഇന്ത്യൻ മസാലക്കൂട്ടുകൾ രുചിക്കാൻ കാത്തിരുന്നവർ സാൻവിച്ചും പഴങ്ങളും നിരത്തിയ ഭക്ഷണമേശ കണ്ടതോടെ നീരസത്തോടെ സ്ഥലം കാലിയാക്കുകയായിരുന്നു.
ഇന്ത്യൻ ടീമിലെ ഭൂരിഭാഗം അംഗങ്ങളും സ്റ്റേഡിയത്തിലെ ഭക്ഷണം ഉപേക്ഷിച്ച് ടീം ഹോട്ടലിലെത്തിയാണ് ഉച്ചഭക്ഷണം കഴിച്ചത്. താരങ്ങൾ ഐസിസിയോട് അനൗദ്യോഗികമായി നീരസം അറിയിച്ചെന്ന് റിപ്പോർട്ടുകളുണ്ട്.
എന്നാൽ പ്രതീക്ഷകളുടെ അമിതഭാരമാണ് ഇന്ത്യൻ ടീമിനെ വിഷമവൃത്തത്തിലാക്കിയതെന്ന് ഓസീസ് മാധ്യമങ്ങൾ പ്രതികരിച്ചു. പരിശീലനം കഴിഞ്ഞപ്പോൾ ഉച്ചഭക്ഷണത്തിന് സമയമായെന്നും ഈ കണക്കുകൂട്ടലിൽ എത്തിയ താരങ്ങളാണ് ചൂടേറിയ വിഭവങ്ങൾ ലഭിക്കാത്തതിൽ അതൃപ്തരായതെന്നും ഇവർ പറഞ്ഞു.
പരിശീലന സെഷന് ശേഷം എല്ലാ ടീമുകൾക്കും ലഭിക്കുന്ന ഫലാഫൽ, പഴങ്ങൾ, സാൻവിച്ച് എന്നീ ലഘുഭക്ഷണങ്ങൾ ഐസിസി നിശ്ചയിച്ചതാണെന്നും ഇതിൽ പക്ഷഭേദം കാണിക്കാനാവില്ലെന്നും സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരണമുയർന്നിട്ടുണ്ട്.
ദ്വിരാഷ്ട്ര പരന്പരയ്ക്കായി എത്തുന്പോൾ ഓസ്ട്രേലിയ ഉൾപ്പെടുയുള്ള ആതിഥേയ രാജ്യങ്ങൾ നീലപ്പടയ്ക്കായി ഇന്ത്യൻ വിഭവങ്ങൾ പ്രത്യേകമായി ഒരുക്കാറുണ്ട്. എന്നാൽ ഐസിസി സംഘടിപ്പിക്കുന്ന ടൂർണമെന്റുകളിൽ ഇത്തരം പരിഗണനകളൊന്നും ലഭിക്കാറില്ല.



