മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറ്റവും മികച്ച വാഹന കളക്ഷനുകളുടെ ഉടമയാണ് നടനും സംവിധായകനും നിര്‍മാതാവുമായ പൃഥ്വിരാജ്. ലംബോര്‍ഗിനിയുടെ സൂപ്പർ എസ്.യു.വി ഉറൂസിനുപിന്നാ​ലെ ബെന്‍സ് ജി 63 എ.എം.ജി എസ്.യു.വി സ്വന്തമാക്കിയിരിക്കുകയാണ് നടൻ. മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര എസ്.യു.വിയായ ജി 63 എ.എം.ജി ദുബായ് ഷെയ്ഖുമാരുടെ പ്രിയ വാഹനം കൂടിയാണ്. എമറാള്‍ഡ് മെറ്റാലിക് ഗ്രീന്‍ നിറമുള്ള എസ്.യു.വി കേരളത്തിലെ മുന്‍നിര പ്രീമിയം യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പായ റോയൽ ഡ്രൈവിൽ നിന്നാണ് താരം വാങ്ങിയത്. ലംബോര്‍ഗിനി ഉറുസും ഇവിടെ നിന്നാണ് അദ്ദേഹം വാങ്ങിയിരുന്നത്.

ഏറ്റവുമധികം സ്‌പെസിഫിക്കേഷനും മികച്ച കസ്റ്റമൈസേഷനും വരുത്തിയിട്ടുള്ള എസ്.യു.വിയാണിതെന്ന് റോയല്‍ ഡ്രൈവ് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. പുതിയ വാഹനത്തിന്റെ ഓണ്‍റോഡ് വില ഏകദേശം നാല് കോടി രൂപവരും. 2021 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണ് റോയല്‍ ഡ്രൈവിലൂടെ പൃഥ്വിരാജിന്റെ ഗ്യാരേജില്‍ എത്തിയത്. റേഞ്ച് റോവര്‍ വോഗ്, ബി.എം.ഡബ്ല്യു 7 സീരീസ്, പോര്‍ഷെ കെയ്ന്‍, മിനി കൂപ്പര്‍ തുടങ്ങിയ വാഹനങ്ങളെല്ലാം പൃഥിരാജിന്റെ ഗ്യാരേജിലുണ്ട്.