മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ വിരാട് കോലിയുടെ ബാറ്റിംഗ് മികവില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ ആവേശജയം ലോകത്തെ കോടിക്കണക്കിന് ആരാധകരെ മാത്രമല്ല ആവേശത്തിലേക്ക് തള്ളിവിട്ടത്. മുന്‍ ഇന്ത്യന്‍ താരങ്ങളെക്കൂടിയാണ്. മെല്‍ബണിലെ ഒരു ലക്ഷത്തോളം കാണികള്‍ക്കൊപ്പം കളി പറഞ്ഞും കളി കണ്ടുമിരുന്ന മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താനും സുനില്‍ ഗവാസ്കറും കൃഷ്ണമാചാരി ശ്രീകാന്തും അടക്കമുള്ള ഇന്ത്യയുടെ മുന്‍ താരനിര വിജയ നിമിഷത്തില്‍ ആവേശത്തോടെ തുള്ളിച്ചാടി.
അവസാന പന്തില്‍ ശ്വാസം അടക്കി പിടിച്ചു നിന്ന് വിജയനിമിഷത്തില്‍ പ്രായം പോലും മറന്ന് ഒരു കൊച്ചു കുട്ടിയെപ്പോലെ തുള്ളിച്ചാടിയ 73കാരനായ സുനില്‍ ഗവാസ്കര്‍ക്കും അദ്ദേഹത്തിന്‍റെ പകുതി പ്രായമുള്ള ഇര്‍ഫാന്‍ പത്താനുമെല്ലാം വിജയാവേശം മറച്ചുവെക്കാനായില്ല. ട20 ലോകകപ്പിന്‍റെ കമന്‍റ്റ്റര്‍മാരായി എത്തിയതാണ് മുന്‍ താരങ്ങള്‍. മത്സരം അവസാന ഓവറിലേക്ക് നീണ്ടതോടെ ബൗണ്ടറി ലൈനിനരികില്‍ സമ്മര്‍ദ്ദം ഉള്ളിലൊതുക്കി നില്‍ക്കുകയായിരുന്നു അവര്‍. ഒടുവില്‍ മുഹമ്മദ് നവാസിന്‍റെ അവസാന പന്തില്‍ അശ്വിന്‍ വിജയ റണ്‍ കുറിക്കുമ്പോള്‍ ആവേശം അണപൊട്ടി.



