ലണ്ടൻ: ചാൾസ് മൂന്നാമൻ രാജാവിന്‍റെ കിരീടധാരണ ചടങ്ങിൽ വിവാദമായ കോഹിനൂർ രത്നം പതിച്ച കിരീടം ഭാര്യയും രാജ്ഞിയുമായ കാമില ധരിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ഏറെ വാർത്തകളിൽ ഇടംപിടിച്ച കോഹിനൂർ രത്നം പതിച്ച കിരീടം ധരിക്കുക വഴി വീണ്ടും രാജ്യാന്തര തലത്തിൽ വിവാദം ഉയരാൻ ഇടയാകുമെന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനമെന്ന് പേജ് സിക്സ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.

ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് ഇന്ത്യയിൽ നിന്ന് കടത്തിയ 105.6 കാരറ്റ് വരുന്ന കോഹിനൂർ രത്നം അലങ്കരിച്ച കിരീടമാണ് 1937ൽ ജോർജ് ആറാമനെ രാജാവായി വാഴിക്കുന്ന ചടങ്ങിൽ എലിസബത്ത് രാജ്ഞിയുടെ മാതാവ് ചൂടിയിരുന്നത്. അത് എലിസബത്ത് രാജ്ഞിയും പിന്തുടർന്നു. കാമില കിരീടം ധരിക്കാത്ത സാഹചര്യത്തിൽ ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് കോഹിനൂർ രത്നം കാണാനുള്ള അവസരം നഷ്ടമാകും. 

കോഹിനൂർ രത്നത്തിന്‍റെ കഥ

‘പ്രകാശ പര്‍വതം’ എന്ന പേരില്‍ വിശ്രുതമായ കോഹിനൂർ (കൂഹ്-ഐ നൂര്‍) എന്ന അപൂര്‍വരത്നത്തിന്‍റെ കഥ രണ്ട് നൂറ്റാണ്ട് നീണ്ട വന്‍കൊള്ളയുടെ ചരിത്രമാണ്. ക്രിസ്ത്വബ്ദം 1100ല്‍ ആന്ധ്രയിലെ ഗോല്‍കൊണ്ടയിലാണ് രത്നം ഖനനം ചെയ്യപ്പെട്ടതെന്നാണ് അനുമാനം. മാല്‍വയിലെ (ഇന്നത്തെ മധ്യപ്രദേശ്) രാജാക്കന്മാരുടെ കൈകളിലാണ് ആദ്യമായി അതെത്തുന്നത്. അവിടെ നിന്ന് ഡല്‍ഹി സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ പക്കലേക്കും.

തുഗ്ലക്കുമാരിലൂടെയും ലോധിമാരിലൂടെയും കൈമാറി മുഗള്‍ സ്ഥാപകന്‍ ബാബറുടെ അധീനതയിലത്തെിയപ്പോഴും അതിനു ‘കൂഹ്-ഐ നൂര്‍’ എന്ന് പേര് ലഭിച്ചിരുന്നില്ല. അരമനകളെ പോലും വരിഞ്ഞുമുറുക്കിയ നിഗൂഢതയും കാലത്തെ മറികടന്ന അന്ധവിശ്വാസങ്ങളും ഈ രത്നം എക്കാലവും കൊണ്ടുനടന്നു. ബാബറിന്‍റെ പുത്രന്‍ ഹുമയൂണ്‍ ഭരണം നഷ്ടപ്പെട്ട് പേര്‍ഷ്യയില്‍ അഭയം തേടിയപ്പോള്‍ കൈയില്‍ ഈ രത്നമുണ്ടായിരുന്നു. മുഗള്‍ഭരണം തിരിച്ചു പിടിക്കാന്‍ പേര്‍ഷ്യന്‍ രാജാവിന് രത്നം കൈമാറേണ്ടിവന്നു എന്നൊരു കഥയുണ്ട്. ഷാജഹാന്‍റെ കാലമായപ്പോഴേക്കും മുഗള്‍ കൊട്ടാരത്തില്‍ ഈ രത്നമുണ്ടായിരുന്നു. ഗോല്‍കൊണ്ട സാമ്രാജ്യത്തില്‍ കരുത്തനായിരുന്ന ഇസ്ഫഹാനിലെ (പേര്‍ഷ്യ) മീര്‍ ജുംലയാണ് ഷാജഹാന് ഇത് സമ്മാനിച്ചതെന്നാണ് ഒരു ഭാഷ്യം. 

ഔറംഗസീബിന് ശേഷം മുഗള്‍ സാമ്രാജ്യത്തിന്‍റെ ശിഥിലീകരണം തുടങ്ങിയതോടെ നാനാദിക്കുകളില്‍ നിന്ന് ശത്രുക്കള്‍ ചാടിവീഴാന്‍ തുടങ്ങി. അവരുടെയെല്ലാം കണ്ണ് അന്ന് 105.6 കാരറ്റുള്ള ഈ രത്നത്തിലായിരുന്നു. 1739ല്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തി നാദിര്‍ഷാ ഖൈബര്‍പാസും കടന്നുവന്ന് 15 ലക്ഷം വരുന്ന മുഗള്‍സൈന്യത്തെ തോല്‍പിച്ചു. 200 വര്‍ഷം കൊണ്ട് മുഗളര്‍ സമ്പാദിച്ചത് മുഴുവനും കൊണ്ടുപോയ നാദിര്‍ഷായാണത്രെ അദ്ഭുതാദരവോടെ ‘കൂഹ് എ നൂര്‍’ എന്ന് ഇതിനെ ആദ്യമായി വിളിച്ചത്.

നാദിര്‍ഷാ കൊല്ലപ്പെട്ടപ്പോള്‍ പിന്‍ഗാമിയും അഫ്ഗാന്‍ ചക്രവര്‍ത്തിയുമായ അഹ്മദ് ഷാ അബ്ദാലിയുടെ കൈയിലേക്കാണ് പിന്നീടത് എത്തിപ്പെട്ടത്. അബ്ദാലിയുടെ മരണശേഷം പിന്‍ഗാമികളായ തൈമൂര്‍ ഷാ, സമാന്‍ ഷാ, ഷാ ശുജാ എന്നിവരിലൂടെ രത്നം ലാഹോര്‍ ആസ്ഥാനമായി ഭരിച്ച സിഖ് സാമ്രാജ്യത്തിന്‍റെ തലവന്‍ മഹാരാജാ രഞ്ജിത് സിങ്ങിന്‍റെ പക്കലെത്തുകയാണ്. മഹാരാജാവിന്‍റെ മരണശേഷം മൂത്തപുത്രന്മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഇളയമകന്‍, അഞ്ചു വയസ്സുള്ള ദുലീഫ് സിങ്ങിനെ സിംഹാസനത്തിലിരുത്തി. 1849ല്‍ കമ്പനി പട്ടാളം പഞ്ചാബ് പിടിച്ചടക്കി.

ഗവര്‍ണര്‍ ഡല്‍ഹൗസി സിഖ് ഭരണകൂടവുമായി ഉണ്ടാക്കിയ ലാഹോര്‍ ഉടമ്പടിയിലെ മൂന്നാമത്തെ വ്യവസ്ഥ കോഹിനൂര്‍ രത്നം ബ്രിട്ടീഷ് രാജ്ഞിയുടെ മുന്നില്‍ അടിയറവെക്കണമെന്നായിരുന്നു. ഉടമ്പടി പ്രകാരം ഒമ്പതു വയസ്സുള്ള ദുലീഫ് സിങ് 4200 കി.മീറ്റര്‍ സഞ്ചരിച്ച് രാജ്ഞിക്ക് രത്നം കൈമാറി. ദുലീഫ് രാജകുമാരനെ പിന്നീട് പ്രതിവര്‍ഷം അര ലക്ഷം പൗണ്ട് സ്റ്റൈപന്‍ഡ് കിട്ടുന്ന ആശ്രിതനാക്കി മാറ്റി. ക്രിസ്തുമതം സ്വീകരിച്ച് ഇംഗ്ലണ്ടിലും ഫ്രാന്‍സിലും അലഞ്ഞ് ജീവിച്ച അദ്ദേഹം 1893ല്‍ കൊടിയ ദാരിദ്ര്യം പിടിപെട്ട് പാരിസിലെ ഏതോ തെരുവില്‍ കിടന്ന് മരിച്ചു.