ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘വിക്രം’ എന്ന ചിത്രത്തിൽ ഏറ്റവും ശ്രദ്ധ നേടിയ കഥാപാത്രങ്ങളിലൊന്നാണ് സൂര്യ അവതരിപ്പിച്ച റോളക്സ് എന്ന കൊടുംവില്ലൻ. ചിത്രത്തിന്റെ ക്ലൈമാക്സിൽ ഏതാനും മിനിറ്റുകൾ മാത്രമാണ് സൂര്യ അഭിനയിച്ചത്. എന്നാൽ സൂര്യയുടെ അതിഗംഭീരമായ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ റോളക്സ് ഇടം നേടുകയായിരുന്നു.

‘വിക്ര’മിൽ അഭിനയിക്കുന്നില്ലെന്നാണ് താൻ ആദ്യം തീരുമാനിച്ചിരുന്നതെന്ന് സൂര്യ പറഞ്ഞു. 2022 ഫിലിം ഫെയർ അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുന്നതിനിടയിലാണ് ഇക്കാര്യം സൂര്യ പറഞ്ഞത്. 

‘സിനിമയിലേക്ക് ഇല്ല, വേണ്ട, ഞാൻ ചെയ്യുന്നില്ലെന്ന് പറയാനാണ് ലോകേഷിന്റെ ഫോൺ എടുത്തത്. എന്നാൽ അദ്ദേഹം പറഞ്ഞത് ഇത് ചെയ്യണമെന്നാണ്. അവസാന നിമിഷം എടുത്ത തീരുമാനമായിരുന്നു അത്. അതിന് കാരണം കമൽ ഹാസൻ എന്ന വ്യക്തിയാണ്. ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നതിൽ അദ്ദേഹം നൽകിയ പ്രചോദനം വളരെ വലുതാണ്. എല്ലാവരും എനിക്ക് നൽകിയ സ്നേഹത്തിന് നന്ദി. ഒരിക്കലും ഞാൻ പ്രതീക്ഷിക്കാത്ത സ്വീകരണമാണ് റോളക്സിന് ലഭിച്ചത്. റോളക്സ് ഇനി വീണ്ടും എന്ന് വരുമെന്നുള്ളത് പറയാനാകില്ല. വരുന്നുണ്ടെങ്കിൽ ഞാൻ തീർച്ചയായും അവതരിപ്പിക്കും- സൂര്യ പറഞ്ഞു.

‘കൈതി’ രണ്ടാം ഭാഗത്തിന് ശേഷമായിരിക്കും ‘വിക്രം 2’ ഒരുങ്ങുക. ചിത്രത്തിൽ കമൽ ഹാസനൊപ്പം സൂര്യ, ഫഹദ് ഫാസിൽ, നരേൻ തുടങ്ങിയ താരങ്ങളെല്ലാം അണിനിരക്കുമെന്നാണ് റിപ്പോർട്ടുകൾ. 2024-ൽ ചിത്രം റിലീസ് ചെയ്തേക്കുമെന്ന് അഭ്യൂഹമുണ്ട്.