ബെല്‍ഫാസ്റ്റ്: വടക്കന്‍ അയര്‍ലന്‍ഡില്‍ തടാകത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ലണ്ടന്‍ഡെറി കൗണ്ടിയില്‍ ഇനാഗ് ലോഗ് തടാകത്തിലാണ് ജോസഫ് സെബാസ്റ്റിയന്‍ (16), റുവാന്‍ (16) എന്നീ കൗമാരക്കാര്‍ മരിച്ചത്. സെന്റ് കൊളംബസ് കോളജ് വിദ്യാര്‍ത്ഥികളാണ് ഇരുവരും.

എരുമേലി കൊരട്ടി കുറുവാമുഴിയിലെ ഒറ്റപ്ലാക്കല്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെ മകനാണ് ജോസഫ് സെബാസ്റ്റിയന്‍. വിജിയാണ് അമ്മ. കണ്ണൂര്‍ പയ്യാവൂര്‍ പൊന്നുംപറമ്പത്ത് മുപ്രാപ്പള്ളിയില്‍ ജോഷിയുടെ മകനാണ് റുവാന്‍.

കൂട്ടുകാരോടൊപ്പം തടാകത്തിലിറങ്ങിയ കുട്ടികള്‍ മുങ്ങിപ്പോകുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക സമയം വൈകിട്ട് ആറരയോടുകൂടിയായിരുന്നു സംഭവം. ഒരാള്‍ സംഭവസ്ഥലത്തും മറ്റെയാള്‍ ആശുപത്രിയിലെത്തിച്ചതിനുശേഷവുമാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. മറ്റൊരു കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. മറ്റ് മൂന്നു കുട്ടികള്‍ കൂടി സ്ഥലത്തുണ്ടായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് എത്തിയ ആളുകളാണ് സംഭവം പുറത്തറിയിച്ചത്.

എമര്‍ജന്‍സി വിഭാഗത്തിന് വിവരം ലഭിച്ച ഉടനെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഒരു കുട്ടിയെ വെള്ളത്തില്‍ നിന്ന് കരയിലെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നുവെന്ന് ഡെറി സിറ്റി ഇന്‍സ്‌പെക്ടര്‍ ബോര്‍ഗന്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.