രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുന്ന ചൂടുള്ള കാലാവസ്ഥ ചൈനയിലെ വലിയ പ്രദേശങ്ങളെ ചുട്ടുപഴുപ്പിക്കുന്നു. എല്ലാ കാര്യങ്ങളും പരിഗണിക്കുമ്പോള്‍, ലോകത്തിലെ ഏറ്റവും തീവ്രമായ ഉഷ്ണതരംഗം ഇതാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ വാദിക്കുന്നു.

1961 മുതല്‍ രാജ്യം കാലാവസ്ഥാ രേഖകള്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ വേനല്‍ക്കാലത്തെ ചൂടുള്ള കാലാവസ്ഥ ദക്ഷിണ ചൈന കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ ഉയര്‍ന്ന താപനിലയാണെന്ന് ഏജന്‍സി ഫ്രാന്‍സ്പ്രസ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

കാലാവസ്ഥാ ശാസ്ത്രജ്ഞനും കാലാവസ്ഥാ ചരിത്രകാരനുമായ മാക്സിമിലിയാനോ ഹെരേര വിശ്വസിക്കുന്നത്, എല്ലാ ഘടകങ്ങളും കണക്കിലെടുക്കുമ്പോള്‍, എവിടെയും രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കഠിനമായ താപതരംഗമാണിതെന്നാണ്. ‘ഈ വലിയ പ്രദേശത്ത് അവിശ്വസനീയമാംവിധം ഒരേസമയം ഏറ്റവും തീവ്രതയേറിയതും ദൈര്‍ഘ്യമേറിയതുമായ പ്രതിഭാസമാണിത്.’ ഹെരേര ന്യൂ സയന്റിസ്റ്റിനോട് പറഞ്ഞു. ‘ചൈനയില്‍ സംഭവിക്കുന്ന കാര്യങ്ങളുമായി താരതമ്യപ്പെടുത്താവുന്ന ഒന്നും ലോക കാലാവസ്ഥാ ചരിത്രത്തിലില്ല.’

രാജ്യത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള സിചുവാന്‍ പ്രവിശ്യ മുതല്‍ കിഴക്കന്‍ തീരത്തെ ജിയാങ്സു വരെ, താപനില പതിവായി 104 ഡിഗ്രി ഫാരന്‍ഹീറ്റിനെ മറികടന്നതായി ന്യൂയോര്‍ക്ക് ടൈംസ് ഈ മാസം ആദ്യം റിപ്പോര്‍ട്ട് ചെയ്തു. ചോങ്കിംഗ് മുനിസിപ്പാലിറ്റിയിലെ താപനില 113 ഡിഗ്രിയിലെത്തി.

കടുത്ത വരള്‍ച്ചമൂലം നദികളും തടാകങ്ങളും മറ്റ് ജലാശയങ്ങളും വറ്റിവരണ്ടു. സിചുവാന്‍ പ്രവിശ്യയിലെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ജലസംഭരണികള്‍ ഉള്‍പ്പെടെയുള്ളവയുടെ സ്ഥിതി വളരെ മോശമാണ്. സിചുവാനിലുള്ള ജലസംഭരണികളില്‍നിന്നുള്ള വെള്ളമുപയോഗിച്ച് വൈദ്യുതി ഉല്‍പാദനം കുറഞ്ഞതോടെ ഈ പ്രവിശ്യയിലുള്ള 80 ദശലക്ഷം ജനങ്ങള്‍ നിരന്തരം പവര്‍കട്ട് നേരിടുകയാണ്. ഫാക്ടറികള്‍ അടച്ചുപൂട്ടി, പൊതുഗതാഗതം താറുമാറായിക്കൊണ്ടിരിക്കുന്നു. കര്‍ഷകര്‍ക്ക് വിളനാശമാണ് നേരിടേണ്ടി വന്നിരിക്കുന്നത്. മനുഷ്യനിര്‍മിത കാലാവസ്ഥാ വ്യതിയാനം വരും വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയ അതിഭീകരമായ പ്രകൃതിദുരന്തങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് തരുന്നു.