വാഷിംഗ്ടണ്‍: തന്റെ പാസ്‌പോര്‍ട്ടുകള്‍ എഫ്ബിഐ മോഷ്ടിച്ചുവെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഫ്‌ളോറിഡയിലെ കായല്‍ത്തീര വസതിയില്‍ കഴിഞ്ഞയാഴ്ച എഫ്ബിഐ നടത്തിയ റെയ്ഡിലാണ് പാസ്‌പോര്‍ട്ടുകള്‍ കാണാതായതെന്ന് അദ്ദേഹം ആരോപിക്കുന്നു.

കാലാവധി കഴിഞ്ഞ ഒരു പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ മൂന്ന് പാസ്‌പോര്‍ട്ടുകളാണ് എഫ്ബിഐ മോഷ്ടിച്ചതെന്ന് ട്രംപ് പറഞ്ഞു. തന്റെ അനുയായികള്‍ സംയമനം പാലിക്കുന്നതിനാലാണ് പ്രശ്‌നങ്ങളുണ്ടാകാതിരിക്കുന്നതെന്നും അല്ലെങ്കില്‍ അമേരിക്ക കത്തിയെരിയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അതീവ രഹസ്യ സ്വഭാവമുള്ള രേഖകള്‍ പിടിച്ചെടുക്കാനെന്ന പേരില്‍ എഫ്ബിഐ നടത്തിയ റെയ്ഡില്‍ ട്രംപ് അനുകൂലികളില്‍ തീവ്രസ്വഭാവമുള്ളവര്‍ രാജ്യവ്യാപകമായി ആഭ്യന്തര കലാപത്തിനും ആക്രമണത്തിനും ആഹ്വാനം ചെയ്യുന്നതായി പ്രാദേശിക അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞയാഴ്ച അവസാനത്തോടെ ട്രംപ് അനുകൂലികളുടെ ആയുധധാരികളായ ചെറുസംഘങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ ഒത്തുചേര്‍ന്നിരുന്നു.