“’ഒരു കാര്യം ഈ രാത്രി നമ്മള് വീണ്ടും വ്യക്തമാക്കുന്നു, എത്ര നാള് നീണ്ടാലും, നിങ്ങള്‍ എവിടെ ഒളിച്ചാലും, യുഎസ് ജനതയ്ക്ക് നിങ്ങള്‍ ഒരു ഭീഷണിയാണെങ്കില്‍, ഞങ്ങള്‍ നിങ്ങളെ കണ്ടെത്തും, പുറത്തു കൊണ്ടുവരും” ഭീകര സംഘടനയായ അല്‍ ഖായിദ തലവന്‍ അയ്മന് അല്‍ സവാഹിരിയെ വധിച്ച വാര്‍ത്ത വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡന് നടത്തിയ പ്രസ്താവനയില്‍ നിറഞ്ഞ ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകള്‍. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനു ശേഷമാണ് ഡ്രോണ്‍ ഉപയോഗിച്ച്, ഒരു പഴുതും നല്‍കാത്ത ആക്രമണത്തിലൂടെ ലോകത്തിലെ തന്നെ വലിയ ഭീകരന്മാരില് ഒരാളെന്നു വിലയിരുത്തപ്പെടുന്ന സവാഹിരിയെ യുഎസ് വധിച്ചത്.
അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സിഐഎയുടെ വ്യക്തമായ ആസൂത്രണം ഇതിനു പിന്നിലുണ്ടായിരുന്നതായി ഇതില്‍ പങ്കെടുത്ത, പേരുവെളിപ്പെടുത്താത്ത ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘സിഎന്‍ബിസി’ റിപ്പോര്‍ട്ടു ചെയ്തു. അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ സുരക്ഷിതമായ വീട്ടില്‍ സവാഹിരി കുടുംബവുമൊത്തു കഴിയുന്ന വിവരം മാസങ്ങള്‍ക്കു മുന്‍പ് തന്നെ അമേരിക്കന്‍ ചാരക്കണ്ണുകള്‍ കണ്ടെത്തിയിരുന്നു. ”ഈ വീട്ടിലെ ബാല്‍ക്കണിയില്‍ സ്ഥിരമായി നിശ്ചിത സമയങ്ങളില്‍ സവാഹിരി ചെലവഴിക്കാറുണ്ടെന്ന കണ്ടെത്തലാണ് ആക്രമണത്തില്‍ നിര്‍ണായകമായത്.” ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. ആക്രമണമുണ്ടാകുമ്പോള്‍ സവാഹിരിയുടെ കുടുംബാംഗങ്ങള്‍ വീട്ടിലെ മറ്റു ഭാഗങ്ങളിലായിരുന്നു. ഇവര്‍ക്കാര്‍ക്കും അപായമുണ്ടായതായോ മറ്റു സാധാരണക്കാര്‍ക്ക് ജീവാപായമുണ്ടായതായോ സൂചനകളില്ല ഉദ്യോഗസ്ഥന് കൂട്ടിച്ചേര്‍ത്തു.
ബൈഡന് എല്ലാം അറിഞ്ഞു, വിലയിരുത്തി
മാസങ്ങള്‍ നീണ്ട തയാറെടുപ്പാണ് ആക്രമണത്തിനു മുന്നോടിയായി യുഎസ് നടത്തിയത്. കൃത്യമായ ഇടവേളകളില്‍ യുഎസ് ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ആക്രമണത്തിന്റെ ആസൂത്രണം യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി വിലയിരുത്തിയതായും ജൂലൈ 25നാണ് ആക്രമണത്തിനുളള അന്തിമ ഉത്തരവ് യുഎസ് പ്രസിഡന്റ് നല്‍കിയതെന്നും ‘സിഎന്‍എന്‍’ റിപ്പോര്‍ട്ടു ചെയ്തു. ആളില്ലാത്ത നിരീക്ഷണ വിമാനത്തിലൂടെ രണ്ട് ഹെല്‍ഫയര്‍ മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.

2011ല്‍ ഉസാമ ബിന്‍ ലാദനെ യുഎസ് വധിച്ചതിനുശേഷം അല്‍ ഖായിദയുടെ തലപ്പത്ത് എത്തിയ സവാഹിരി കൊല്ലപ്പെട്ടതായി മുന്‍പ് പലപ്പോഴും റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതിനു പിന്നാലെ വിഡിയോ സന്ദേശങ്ങളുമായി സവാഹിരി വീണ്ടും രംഗത്തുവന്നിരുന്നു. സെപ്റ്റംബര്‍ 11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം കൂടാതെ 1998ല്‍ ടാന്‍സാനിയയിലും കെനിയയിലും യുഎസ് എംബസികള്‍ ലക്ഷ്യമാക്കി നടന്ന ബോംബാക്രമണങ്ങളിലും സവാഹിരിക്കു പങ്കുള്ളതായി യുഎസ് കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നു.
സവാഹിരിക്ക് വിനയായത് ബുര്‍ഖ വിവാദവും?
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബുര്‍ഖ ധരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം പരാമര്‍ശിച്ച് ഏപ്രിലില്‍ സവാഹിരിയുടേതായി ഒരു വിഡിയോ പുറത്തുവന്നിരുന്നു. സമകാലിക വിഷയത്തെ പരാമര്‍ശിച്ച് നടത്തിയ പരാമര്‍ശമാണ് സവാഹിരി ജീവിച്ചിരിക്കുന്നുവെന്ന് യുഎസ് രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ക്ക് ഉറപ്പ് നല്‍കിയതെന്നു സൂചനയുണ്ട്. ഇതില്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണങ്ങളാണ് അഫ്ഗാനിസ്ഥാനിലേക്കു നീണ്ടത്.
വീടിന്റെ മാതൃക ബൈഡന് വിലയിരുത്തി
വധിക്കാനുള്ള ആസൂത്രണത്തിന്റെ ഭാഗമായി സവാഹിരി കാബൂളില്‍ താമസിച്ചു വന്ന വീടിന്റെ ചെറുമാതൃകയും വൈറ്റ് ഹൗസിലെ ‘സിറ്റുവേഷന് റൂമി’ല്‍ നടത്തിയ ചര്‍ച്ചകളില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് വിലയിരുത്തി. സവാഹിരി തന്നെയാണ് കാബൂളിലെ വസതിയിലുള്ളതെന്നു സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് ഏപ്രിലിലാണു ബൈഡനു കൈമാറുന്നത്.
സവാഹിരിക്കു പിന്തുണ നല്കുന്ന ശൃംഖല കാബൂളില്‍ ഉണ്ടെന്ന തിരിച്ചറിവിനു പിന്നാലെ നടത്തിയ അന്വേഷണങ്ങളാണു ഭാര്യയ്ക്കും മകള്‍ക്കും അവരുടെ കുട്ടികള്‍ക്കും ഒപ്പം സവാഹിരി ഈ വീട്ടിലുണ്ടെന്ന സൂചനകളിലേക്ക് നയിച്ചത്. ഈ വിവരം നിരന്തര അന്വേഷണങ്ങളിലൂടെ യുഎസ് രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. ഈ വസതിയുടെ രൂപരേഖ തയാറാക്കിയ നടത്തിയ നിരീക്ഷണങ്ങളിലാണു ബാല്‍ക്കണിയില്‍ സ്ഥിരം സമയങ്ങളില്‍ സവാഹിരി എത്താറുണ്ടെന്ന നിര്‍ണായക വിവരം രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തുന്നത്.
പഴുതുകളില്ലാത്ത രഹസ്യനീക്കം
യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കങ്ങള്‍ വിവരങ്ങള്‍ ചോരാതെ നടപ്പാക്കുന്നതിലും മികവുറ്റ ആസൂത്രണമുണ്ടായി. കാബൂളിലെ പ്രാന്തപ്രദേശങ്ങളിലൊന്നിലാണ് സവാഹിരി താമസിച്ചുവന്ന വീടെന്നതായിരുന്നു മറ്റൊരു പ്രതിസന്ധി. ചുറ്റും വീടുകളുള്ളതിനാല്‍ കഴിയുന്നത്ര ആളപായം കുറച്ചുള്ള നടപടിക്കായിരുന്നു യുഎസ് പ്രസിഡന്റ് പ്രാധാന്യം നല്‍കിയതെന്ന് ‘സിഎന്‍എന്‍’ റിപ്പോര്‍ട്ട് ചെയ്തു.
സവാഹിരി താമസിച്ച വീടിന്റെ രൂപരേഖ നിര്‍ണായകമായതും ഈ സാഹചര്യത്തിലാണ്. പ്രസിഡന്റിനു മുന്നില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടുകളിലും പഴുതടച്ച ആസൂത്രണമികവ് ഉറപ്പാക്കാന്‍ സിഐഎ ഉന്നത കേന്ദ്രങ്ങള്‍ ശ്രമിച്ചു. മേയ്, ജൂണ്‍ മാസങ്ങളില്‍ നടത്തിയ വിലയിരുത്തലുകള്‍ അതാതു സമയങ്ങളില്‍ ബൈഡനെ അറിയിക്കുന്നതിലും സിഐഎ ഡയറക്ടര്‍ ബില്‍ ബേണ്‍സ്, ഡയറക്ടര്‍ ഓഫ് നാഷനല്‍ ഇന്റലിജന്‍സ് അവ്റില്‍ ഹെയിന്‍സ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്, ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ഫിന്നര്‍, ഹോംലാന്‍ഡ് സെക്യൂരിറ്റി ഉപദേഷ്ടാവ് ലിസ് ഷെര്‍വുഡ് റാന്‍ഡല്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ‘നിര്‍ണായക സംഘം’ ശ്രദ്ധിച്ചു. ഒടുവില്‍ ജൂലൈ ഒന്നിന് വൈറ്റ്ഹൗസിലെ സിറ്റുവേഷന് റൂമില്‍ ചേര്‍ന്ന നിര്‍ണായക വിലയിരുത്തലിലും ഇവര്‍ ഇഴകീറിമുറിച്ച് നീക്കങ്ങള്‍ പ്രസിഡന്റിനോടു വിശദമാക്കി.
കോവിഡിലും ബൈഡന്റെ ചര്‍ച്ച
സവാഹിരി താമസിച്ച വീടിന്റെ നിര്‍മാണരീതി, പ്രദേശത്തെ കാലാവസ്ഥ തുടങ്ങിയ വിശദാംശങ്ങള്‍ പോലും ബൈഡന് രഹസ്യാന്വേഷണ ഉന്നതസംഘത്തില്‍ നിന്ന് ചോദിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. സാധാരണക്കാരുടെ മരണം കഴിവതും ഒഴിവാക്കി വേണം സവാഹിരിയെ വധിക്കാനുള്ള നീക്കം നടപ്പാക്കാനെന്നതാണ് ബൈഡന് പ്രധാനമായും ആവശ്യപ്പെട്ടത്.
ക്യാംപ് ഡേവിഡിലെ ഒഴിവുകാലത്തിനിടയിലും കൃത്യമായ ഇടവേളകളില്‍ ‘സവാഹിരി നീക്കങ്ങള്‍’ ബൈഡന് അറിഞ്ഞു. ഓപ്പറേഷനു നേതൃത്വം നല്കിയ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വൈറ്റ് ഹൗസിലെ സിറ്റുവേഷന് റൂമില്‍ നിരവധി തവണ കൂടിക്കാഴ്ച നടത്തി. ജൂലൈ 25 ന് കോവിഡ് ബാധയെത്തുടര്‍ന്ന് വൈറ്റ്ഹൗസില്‍ വിശ്രമത്തിലായ വേളയില്‍ ഈ സംഘത്തില്‍ നിന്ന് വിശദമായി വിലയിരുത്തിയ ശേഷമായിരുന്നു ആക്രമണത്തിന് അനുമതി നല്‍കിയുള്ള അന്തിമ ഉത്തരവ്.
‘ലാദന് വേട്ട’യിലും ബൈഡന് സാക്ഷി
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ആസൂത്രണം നടത്തിയ ‘തലച്ചോറു’കളെ തകര്‍ത്ത യുഎസിന്റെ രണ്ട് നിര്‍ണായക നീക്കങ്ങളിലും വൈറ്റ്ഹൗസില്‍ ബൈഡന്റെ സാന്നിധ്യമുണ്ടായെന്നതും മറ്റൊരു പ്രത്യേകത. 2011 ല്‍ ഉസാമ ബിന്‍ ലാദനെ വധിക്കുന്നത് സിറ്റുവേഷന് റൂമില്‍ നിന്ന് വീക്ഷിച്ച യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്കൊപ്പം വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ ചിത്രം ഏറെ പ്രശസ്തമായിരുന്നു.
അല്‍ഖായിദയില്‍ ലാദനു ശേഷം തലപ്പത്തെത്തിയ സവാഹിരിയെ വധിച്ച വിവരം വൈറ്റ്ഹൗസില്‍ അറിയിക്കുമ്പോള്‍ അദ്ദേഹം പ്രസിഡന്റിന്റെ വേഷത്തിലും. യുഎസ് ജനപ്രിയ റേറ്റിങ്ങുകളില്‍ അല്പം ഇടിവുണ്ടായ കാലത്താണ് സവാഹരിയുടെ വധം വാര്‍ത്തകളില്‍ എത്തുന്നത്. ഡ്രോണ്‍ ഉപയോഗിച്ച് പരമാവധി ജീവാപായം ഒഴിവാക്കി സവാഹിരിയെ വധിച്ചത് യുഎസ് ജനതയ്ക്കു ബൈഡനിലുള്ള റേറ്റിങ്ങിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍.



