ലക്ഷദ്വീപിനെപുറം ലോകത്തിന് കടന്നു വരാന്‍ ആവാത്ത ഒറ്റപ്പെട്ട തുരുത്തായി നിലനിര്‍ത്തണം എന്നതാണ് സേവ് ലക്ഷദ്വീപ് ക്യാമ്ബയിനുകാരുടെ ആവശ്യം എന്ന് ബി.ജെ.പി നേതാവ് ശങ്കു ടി ദാസ്.
ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ദ്വീപില്‍ നടത്തിക്കൊണ്ടിരിക്കുന്ന ജനവിരുദ്ധ പരിഷ്കാരങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ദ്വീപ് നിവാസികളും പ്രതിപക്ഷ പാര്‍ട്ടികളും സിനിമ സാംസ്കാരിക പ്രവര്‍ത്തകരും നടത്തിവരുന്നത്. കേന്ദ്ര സര്‍ക്കാര്‍ അഡ്മിനിസ്ട്രേറ്ററായി നിയോഗിച്ച പ്രഫുല്‍ ഖോഡ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് തൃത്താലയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അഭിഭാഷകന് ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സിനിമാക്കാരെല്ലാം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ലക്ഷദ്വീപില്‍ പക്ഷെ സിനിമ കാണിക്കുന്ന ഒരു തിയേറ്റര്‍ പോലുമില്ലെന്ന് അറിയുമോ?
തീര്‍ച്ചയായും ലക്ഷദ്വീപ് വിഷയത്തില്‍ ഒരു മറുപക്ഷ വീക്ഷണമാണ് ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. എന്നാല്‍ രാഷ്ട്രീയമായ നിക്ഷിപ്ത താല്പര്യങ്ങള് മാറ്റി വെച്ച് ആലോചിച്ചാല്‍ നിങ്ങള്‍ക്കുമതില്‍ ന്യായം കാണാനാവുമെന്ന് എനിക്ക് ഉറപ്പുണ്ട്.
നിങ്ങള്‍ എപ്പോളെങ്കിലും ആലോചിച്ചിട്ടുണ്ടോ ലക്ഷദ്വീപിലെ ഒരു ചെറുപ്പക്കാരന്റെ ഭാഗത്ത് നിന്ന് ദ്വീപിനെ പറ്റി? ആറാം ക്ളാസില്‍ പഠിക്കുമ്പോള്‍ ടൂര്‍ പോയതിന്റെ ഗൃഹാതുര സ്മരണയിലുള്ള കടും നീല കടലും തെളിഞ്ഞ കായലും മാത്രമായ ഒരു ദ്വീപസമൂഹം ഇനിയെന്ന് പോവുമ്പോളും നിങ്ങളെ അല്പ നേരത്തേക്ക് ആനന്ദിപ്പിക്കാന്‍ മാത്രമായി അങ്ങനെയേ നില്‍ക്കണം എന്ന സ്വാര്‍ത്ഥ യുക്തിയല്ലാതെ എന്ത് സ്നേഹവും ആത്മാര്‍ത്ഥതയും ഉണ്ട് നിങ്ങള്‍ക്ക് അവിടുത്തെ മനുഷ്യരോട്?
ചൈനക്ക് മക്കാവോ പോലെ, ഇന്‍ഡോനേഷ്യക്ക് ബാലി പോലെ, തായ്ലന്‍ഡിന് ഫുക്കെറ്റ് പോലെ, ഫിലിപ്പീന്‍സിന് പലവാന്‍ പോലെ ഇന്ത്യക്ക് ഒരു ലോകോത്തര ടൂറിസ്റ്റ് ടെസ്റ്റിനേഷനാക്കി മാറ്റാന്‍ സാധിക്കുന്ന ആര്‍ച്ചിപലാഗോ ആണ് ലക്ഷദ്വീപ്.
ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമാവാന്‍ ശേഷിയുള്ള ദ്വീപ് സമൂഹം. എന്നിട്ടും ലക്ഷദ്വീപിലെ ജനങ്ങള്‍ ഇപ്പോളും പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ ചൂര മീന്‍ ഉണക്കിയും ചകിരി നാര് പിരിച്ചും കഴിയുകയാണ്. വിദേശ രാജ്യത്തുള്ളവര്‍ പോയിട്ട് ഒരു ശതമാനം ഇന്ത്യക്കാര്‍ പോലും ഇതുവരെ ലക്ഷദ്വീപ് കണ്ടിട്ടില്ല.
ലക്ഷദ്വീപില്‍ ഒരൊറ്റ സിനിമാ തിയേറ്റര്‍ ഇല്ല. ലക്ഷദ്വീപില്‍ ഇപ്പോളും പെട്രോള്‍ പമ്ബുകള്‍ ഇല്ല. ലക്ഷദ്വീപിലെ 35 ദ്വീപുകളില്‍ അഗറ്റി, ബംഗാരം, കവരത്തി എന്നീ മൂന്ന് ദ്വീപുകളില്‍ മാത്രമേ 4G നെറ്റ്വര്‍ക്ക് ഉള്ളൂ. ബി.എസ്.എന്‍.എലിനും എയര്‍ടെല്‍നും മാത്രമേ ദ്വീപില്‍ ആകെ മൊബൈല്‍ നെറ്റ്വര്ക് പോലുമുള്ളൂ. ബാറുകളോ ബിയര്‍ പാര്‍ലറുകളോ നല്ല ഹോട്ടലുകളോ ഷോപ്പിംഗ് സെന്ററുകളോ ദ്വീപില്‍ ഇല്ല.വീതിയുള്ള റോഡുകളോ വൃത്തിയുള്ള മാര്‍ക്കറ്റുകളോ ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികളോ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളോ ദ്വീപില്‍ ഇല്ല.
ഇതാണ് ചിലര്‍ പറയുന്ന സ്വര്‍ഗ്ഗം പോലുള്ള ലക്ഷദ്വീപ്. ഒരു മാസം തികച്ചു നില്‍ക്കുമോ നിങ്ങളീ സ്വര്‍ഗ്ഗത്തില്‍?
വിചിത്രമായ ഒറ്റപ്പെടുത്തല്‍ നയം കൊണ്ട് 65 കൊല്ലം കേന്ദ്രം ഭരിച്ച സര്‍ക്കാരുകള്‍ ഇന്ത്യന്‍ മെയിന്‍ലാണ്ടുമായി ഒരു ബന്ധവുമില്ലാതെ അകറ്റി നിര്‍ത്തിയ നാടാണത്.
ഇന്ത്യക്കാര്‍ക്ക് പോലും ലക്ഷദ്വീപില്‍ പ്രവേശിക്കണമെങ്കില്‍ ഇപ്പോഴും അഡ്മിനിസ്ട്രേറ്റര്‍ ഇഷ്യു ചെയ്യുന്ന പ്രത്യേക എന്‍ട്രി പെര്‍മിറ്റ് ആവശ്യമാണ്.
വിദേശികള്‍ക്ക് ആണെങ്കില്‍ പെര്‍മിറ്റ് ഉണ്ടെങ്കില്‍ പോലും മൂന്ന് ദ്വീപുകള്‍ മാത്രമേ സന്ദര്‍ശിക്കാനാവൂ. ലോകത്തിലെ തന്നെ ഏറ്റവും തിരക്കുള്ള ക്രൂയിസ് പാസേജ് റൂട്ടില്‍ കിടന്നിട്ടും ലക്ഷദ്വീപില്‍ ഇപ്പോളും ഓണ്‍ അറൈവല്‍ എന്‍ട്രി പെര്‍മിറ്റ് ഇല്ല.
480 കിലോമീറ്റര്‍ ഇപ്പുറം കിടക്കുന്ന കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വന്നു വേണം എന്‍ട്രി പാസിന് അപേക്ഷിക്കാന്‍. അഗറ്റിയില്‍ ആകെയുള്ള ഒരു എയര്‍പോര്‍ട്ടില്‍ ആണെങ്കില്‍ എയര്‍ബസോ ബോയിങ്ങോ പോലുള്ള വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള സൗകര്യവുമില്ല. എയര്‍ ഇന്ത്യ മാത്രമാണ് ലക്ഷദ്വീപിലേക്ക് പാസഞ്ചര്‍ സര്‍വീസ് നടത്തുന്നത്. പിന്നെയുള്ളത് കൊച്ചിയില്‍ നിന്ന് 18 മണിക്കൂര്‍ കൊണ്ട് ദ്വീപില്‍ എത്തിക്കുന്ന വെറും ഏഴ് കപ്പലുകള്‍ ആണ്.
എല്ലാ കാലവും ലക്ഷദ്വീപിനെ ഇത് പോലെ പുറം ലോകത്തിന് കടന്നു വരാന്‍ ആവാത്ത ഒറ്റപ്പെട്ട തുരുത്തായി നിലനിര്‍ത്തണം എന്നതാണ് സേവ് ലക്ഷദ്വീപ് ക്യാമ്പയിനുകാരുടെ ആവശ്യം. ‘അങ്ങനെ പോരാ’ എന്നതാണ് ഏറ്റവും ലളിതമായി പറഞ്ഞാല്‍ നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നിലപാട്.
അതുകൊണ്ടാണ് 2017 ജൂണ്‍ 1ന് കേന്ദ്ര സര്‍ക്കാര്‍ ‘Island Development Agency’ എന്ന സംവിധാനം രൂപീകരിക്കുന്നത്. ആന്റമാനും ലക്ഷദ്വീപും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള 26 ദ്വീപ് സമൂഹങ്ങളുടെ സര്വ്വതോന്മുഖമായ പുരോഗതി ആണ് പ്രധാനമന്ത്രി തന്നെ അധ്യക്ഷനായ നീതി ആയോഗിന്റെ നേതൃത്വത്തില്‍ IDA ലക്ഷ്യം വെയ്ക്കുന്നത്. ദ്വീപുകളിലെ അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റല്‍ കണക്റ്റിവിറ്റി, ഗ്രീന്‍ എനര്‍ജി പ്രോജക്റ്റുകള്‍, ഡീസലൈനേഷന്‍ പദ്ധതികള്‍, വേസ്റ്റ് മാനേജ്മെന്റ് പ്രോഗ്രാം, ഫിഷറീസിന്റെയും ടൂറിസത്തിന്റെയും വികസനവും പ്രോത്സാഹനവും എന്നതുള്‍പ്പെടെ ഒരു ഹോളിസ്റ്റിക് ഡെവലപ്പ്മെന്റ് പ്ലാന്‍ തന്നെ നീതി ആയോഗ് അതിനായി തയ്യാറാക്കിയിട്ടുണ്ട്. ദ്വീപുകളെ മെയിന്‍ലാന്‍ഡും ലോകവുമായി കൂടുതല്‍ ബന്ധപ്പെടുത്തി കൊണ്ട് അവിടെയെല്ലാം ഒരു ‘ഇന്റഗ്രേറ്റഡ് ടൂറിസം സെന്‍ട്രിക് എക്കോസിസ്റ്റം’ നിര്‍മിച്ചെടുക്കുക എന്ന ആ വലിയ പദ്ധതിയുടെ തുടര്‍ച്ചയില്‍ തന്നെയാണ് ഒന്നില്‍ നിന്ന് നഗരാസൂത്രണവും ദ്വീപ് വികസനവും ലക്ഷ്യം വെച്ചുള്ള ലക്ഷദ്വീപ് ഡെവലപ്പ്മെന്റ് അതോറിറ്റി റെഗുലേഷനും ലക്ഷദ്വീപ് ടൌണ്‍ ആന്‍ഡ് കണ്ട്രി പ്ലാനിങ് റെഗുലേഷനും ഉള്‍പ്പെടെയുള്ള 2021ലെ പുതിയ നിയമ പരിഷ്കാരങ്ങളും നിലവില്‍ വരുന്നത്.
കഴിഞ്ഞ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ലക്ഷദ്വീപിലേക്ക് കടലിനടിയിലൂടെയുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ലിങ്ക് പദ്ധതി 1000 ദിവസത്തിനകം പൂര്‍ത്തീകരിക്കും എന്ന് പ്രഖ്യാപിച്ചത്. വിദേശ സഞ്ചരികള്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റിലെ നിരോധിത മേഖലകള്‍ ഒഴിവാക്കി കൊണ്ട് എല്ലാ ദ്വീപുകളിലും എല്ലാവര്ക്കും പ്രവേശനാനുമതി നല്കാന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വര്‍ഷം തീരുമാനം എടുത്തിരുന്നു. ലക്ഷദ്വീപില്‍ തന്നെ കസ്റ്റംസ് യൂണിറ്റ് സ്ഥാപിക്കാനും അഗറ്റിയിലും മിനിക്കോയിലും രണ്ട് ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റുകള്‍ ആരംഭിക്കാനും തീരുമാനം ഉണ്ടായതും ഈ സര്‍ക്കാരിന്റെ കാലത്താണ്.
ദ്വീപില്‍ തന്നെ കസ്റ്റംസ് ക്ലിയറന്‍സും ഓണ്‍ അറൈവല്‍ എന്‍ട്രിയും നിലവില്‍ വരുന്നതോടെ ഫോറിന് വെസലുകള്‍ക്ക് കൊച്ചിയില്‍ പോയി ക്ലിയറന്‍സും പാസും എടുക്കേണ്ട സാഹചര്യവും ഇല്ലാതാവുകയാണ്. 160 കോടി ചിലവില്‍ 30 മാസം കൊണ്ട് അഗറ്റി എയര്‍പോര്‍ട്ട് വികസിപ്പിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ കഴിഞ്ഞ വര്‍ഷം ടെണ്ടര്‍ ക്ഷണിച്ചിരുന്നു. ഇതിനു പുറമെ മിനിക്കോയില്‍ പുതിയൊരു എയര്‍പോര്‍ട്ട് കൂടി ആരംഭിക്കാന്‍ IDA തീരുമാനിച്ചിട്ടുണ്ട്.
100 ഇന്ത്യന്‍ നഗരങ്ങളെ സ്മാര്‍ട്ട് സിറ്റികള്‍ ആക്കി മാറ്റാനുള്ള കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ പദ്ധതിയുടെ നാലാം ഘട്ടത്തില്‍ ലക്ഷദ്വീപിലെ കവരത്തിയും ഇടം പിടിച്ചിട്ടുണ്ട്. അങ്ങനെ 540 കോടി രൂപ ചിലവില്‍ കവരത്തി ഒരു സ്മാര്‍ട്ട് സിറ്റി ആയി മാറി കൊണ്ടിരിക്കുകയാണ്. ‘ലക്ഷദ്വീപ് ട്യൂണ’യേ ഒരു ബ്രാന്‍ഡ് ആയി മാര്‍ക്കറ്റ് ചെയ്യാനുള്ള പദ്ധതി IDA യോഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. ലോകത്തിലെ തന്നെ ആദ്യത്തെ സെല്‍ഫ് പവേര്‍ഡ് ഡീസലൈനേഷന്‍ പ്ലാന്റ് ആരംഭിക്കുന്നതും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയുടെ നേതൃത്വത്തില്‍ ലക്ഷദ്വീപിലാണ്.
ഇങ്ങനെ അടിമുടി മാറ്റത്തിനു ഒരുങ്ങുകയാണ് ലക്ഷദ്വീപ്. പക്ഷെ മാറ്റങ്ങളോട് മുഖം തിരിച്ചു നില്ക്കുന്ന മത യാഥാസ്തികതക്ക് അതൊട്ടും ദഹിക്കുന്നില്ല.
ബാലിശമായ തര്‍ക്ക യുക്തികള്‍ നിരത്തി അവര്‍ പരിഷ്കരണങ്ങളോട് കലഹിക്കുകയാണ്. ദൗര്‍ഭാഗ്യവശാല്‍ സ്വതവേ പുരോഗമനവാദികളും പരിഷ്കരണദാഹികളും ആയ പലരും കേന്ദ്ര സര്‍ക്കാറിനോടുള്ള രാഷ്ട്രീയ വിരോധം മാത്രം മുന്‍നിര്‍ത്തി പ്രതിഷേധങ്ങളില്‍ അവര്‍ക്കൊപ്പമാണ്.
ഗുജറാത്തി ആയ അഡ്മിനിസ്ട്രേറ്റര്‍ പറ്റില്ല എന്നതില്‍ തുടങ്ങി തീരദേശ പരിപാലന നിയമം നടപ്പാക്കാന്‍ പാടില്ല എന്നത് വരെ നീളുന്ന ഒരു ലിസ്റ്റ് തന്നെയുണ്ട് ഐറ്റംസ് ഓഫ് പ്രതിഷേധത്തില്‍. ഇതില്‍ ഓരോന്നും എടുത്തു അതിന്റെ ന്യായം വിശദീകരിക്കുക പ്രയാസം ആയത് കൊണ്ട് ഇതില്‍ ഏത് വിഷയത്തെയും യുക്തിസഹമായി വിലയിരുത്താനുള്ള ഒരു സമവാക്യമാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഭരണകൂടം വികസനാധിഷ്ഠിതമായ പരിഷ്കരണത്തിനും ഭരണകൂട വിരുദ്ധര്‍ മതരാഷ്ട്രീയാധിഷ്ഠിതമായ തല്‍സ്ഥിതിവാദത്തിനും വേണ്ടിയാണ് നിലകൊള്ളുന്നത് എന്നതാണ് ആ സമവാക്യം.
ഇതിനെ ഒരു ടൂള്‍ ആയി ഉപയോഗിച്ചാല്‍ ഉയരുന്ന ഓരോ വിവാദത്തിന്റെയും ന്യായാന്യായങ്ങള്‍ നമുക്ക് സ്വയം കണ്ടെത്താന്‍ സാധിക്കും.
ഉദാഹരണത്തിന്, ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ദ്വീപില്‍ ബാറുകള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനം. വര്‍ഷത്തില്‍ ഒരിക്കല്‍ പത്തോ പതിനഞ്ചോ ദിവസം മാത്രം കിട്ടുന്ന അവധികാലം ആഘോഷിക്കാന്‍ പറ്റിയൊരു ടൂറിസ്റ്റ് സ്പോട്ട് തിരയുന്ന വിനോദ സഞ്ചാരികളില്‍ ഭൂരിഭാഗം പേരും അതിനായി ഒരു ഡ്രൈ ലാന്‍ഡ് തിരഞ്ഞെടുക്കില്ല എന്നതൊരു സാമാന്യ യുക്തി ആണ്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ ജീവിക്കുന്ന ഇന്‍ഡോനേഷ്യ മുതല്‍ അറബ് രാജ്യങ്ങളായ യു.എ.ഇ, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ വരെ സന്ദര്‍ശകര്‍ക്കായി മദ്യ വില്പന അനുവദിക്കുന്നുണ്ട്. മഹാത്മാ ഗാന്ധിയുടെ ജന്മദേശമായതിനാല്‍ സംസ്ഥാന രൂപീകരണ ബില്ലില്‍ തന്നെ മദ്യ നിരോധനം പ്രഖ്യാപിച്ച ഗുജറാത്തില്‍ പോലും പുറമെ നിന്ന് വരുന്നവര്‍ക്ക് ലിക്കര്‍ പെര്‍മിറ്റ് അനുവദിക്കുന്നുണ്ട്. എന്നാല്‍ ലക്ഷദ്വീപില്‍ മദ്യ വില്പനക്ക് അനുമതി നല്‍കുന്നത് മാത്രം പ്രദേശവാസികളുടെ സാംസ്കാരിക സെന്‍സിറ്റിവിറ്റിയെ വൃണപ്പെടുത്തും എന്നാണ് വാദം. വികസനാധിഷ്ഠിതമായ പരിഷ്കരണവാദവും മതാധിഷ്ഠിതമായ തല്‍സ്ഥിതിവാദവും തമ്മിലാണ് ആ സംഘര്‍ഷം എന്നത് നോക്കിയാല്‍ കാണാം.
ഇതിലെ കൗതുകം എന്നത്, മറ്റെല്ലായിടത്തും പരിഷ്കരണവാദികളായി ചമയുന്ന ചിലര്‍ ഇത്തരം ചില പ്രത്യേക സാമുദായിക സെന്‍സിറ്റിവിറ്റികളുടെ മുന്നില്‍ മാത്രം സ്റ്റാറ്റസ് കോയിസ്റ്റുകള്‍ ആയി മാറുന്നു എന്നതാണ്. ഈ യുക്തി വെച്ചാണെങ്കില്‍, എണ്‍പത് ശതമാനം ഹിന്ദു ജനസംഖ്യയുള്ള ഇന്ത്യയില്‍ ആകെ ഭൂരിപക്ഷത്തിന്റെ സാംസ്കാരിക സെന്‍സിറ്റിവിറ്റി പരിഗണിച്ച് ഗോവധ നിരോധനം നടപ്പാക്കേണ്ടതല്ലേ എന്ന് ചോദിച്ചാല്‍, അപ്പൊ ഇവര്‍ക്ക് സെന്‍സിറ്റിവിറ്റി പോയിട്ട് സെന്‍സിബിലിറ്റി പോലും ഉണ്ടാവാറില്ല.
മറ്റൊരാക്ഷേപം, മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ദ്വീപില്‍ ജനസംഖ്യാ നിയന്ത്രണത്തിന് ഭരണകൂടം ശ്രമിക്കുന്നു എന്നതാണ്. ഇവിടെയും ന്യായം മനസിലാക്കാന്‍ ഇതേ സമവാക്യം മതി.
32 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് ലക്ഷദ്വീപിന്റെ ആകെ വിസ്തീര്‍ണ്ണം.
എന്നാല്‍ അവിടെ 2011 സെന്‍സസ് പ്രകാരം തന്നെ 64000+ ആളുകള്‍ താമസിക്കുന്നുണ്ട്. ദ്വീപിന്റെ ജനസാന്ദ്രത എന്നത് 2000+/Sq.Km ആണ്.
അതായത് ഓരോ ചതുരശ്ര കിലോമീറ്ററിലും രണ്ടായിരത്തില്‍ ഏറെ ആളുകള്‍ താമസിക്കുന്നു. ഇന്ത്യയിലെ തന്നെ മൂന്നാമത്തെ ഉയര്‍ന്ന ജനസാന്ദ്രത ആണിത്.
എന്നാല്‍ ഈ 32 sq.km എന്നത് 35 ദ്വീപുകള്‍ ഉള്ള ലക്ഷദ്വീപിന്റെ ആകെ വിസ്തീര്‍ണ്ണം ആണെന്നും അതില്‍ 10 ദ്വീപുകളില്‍ മാത്രമാണ് ആളുകള്‍ താമസിക്കുന്നത് എന്നും കൂടി പരിഗണിച്ചാല്‍ യഥാര്‍ത്ഥ ജനസാന്ദ്രത ഇക്കണക്കിനും എത്രയോ മേലെയാണ് എന്ന് കാണാം. മേല്ക്കുമേലായി അട്ടിക്കിട്ടത് പോലെ ആളുകള്‍ തിങ്ങി നിറഞ്ഞ ഇടം എന്ന് പറഞ്ഞാല്‍ അതിഭാവുകത്വം അല്ല. അതിന്റെ കൂടെ ഓരോ ദശകത്തിലും സുമാര്‍ 6.5% വീതം ജനസംഖ്യാ വര്‍ദ്ധനവും. ഈ നിലയില്‍ ജനപെരുപ്പം ഉള്ളൊരു കുഞ്ഞു ദ്വീപില്‍ ഭൂരിപക്ഷം മുസ്ലിമോ ഹിന്ദുവോ ക്രിസ്ത്യനോ ജൈനനോ ആയാലും ജനസംഖ്യാ വര്‍ദ്ധനവിനെ ഭരണകൂടം നിരുത്സാഹപ്പെടുത്തണം. അല്ലെങ്കില്‍ അവിടുത്തെ പ്രകൃതി വിഭവങ്ങള്‍ ഏറെ നാള് അവിടുത്തെ മനുഷ്യരെ അതിജീവിക്കില്ല.
എന്നാല്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മ നല്കുന്ന ശൈലിയെ നിയമം നിരുത്സാഹപ്പെടുത്തുമ്ബോള് പൊടുന്നനെ വംശ വര്‍ദ്ധനയ്ക്കുള്ള അവകാശത്തില്‍ കൈകടത്തുന്ന സ്റ്റേറ്റിനു എതിരെ പ്രതിഷേധം ഉയരുകയാണ്.
നിശ്ചയമായും, വികസനാധിഷ്ഠിതമായ പരിഷ്കരണവാദവും മതാധിഷ്ഠിതമായ തല്‍സ്ഥിതിവാദവും തമ്മിലാണ് ആ സംഘര്‍ഷവും.
39 ദ്വീപുകള്‍ ഉണ്ടായിരുന്നു ഒരുകാലത്ത് ലക്ഷദ്വീപില്‍. ഒരു പക്ഷെ ലക്ഷദ്വീപ് എന്ന പേരുണ്ടായ കാലത്ത് നൂറ് കണക്കിന് ദ്വീപുകള്‍ ഉണ്ടായിരുന്നിരിക്കണം.
അഞ്ചു കൊല്ലം മുന്‍പ് വരെ 36 ദ്വീപുകള്‍ ആയിരുന്നു. ഇപ്പൊ ഉള്ളത് പക്ഷെ 35 ദ്വീപുകള്‍ മാത്രമാണ്. ആള്‍താമസം ഇല്ലാതിരുന്ന ‘പുരളി’ എന്ന മുപ്പത്താറാമത്തെ ദ്വീപ് കടലെടുത്തു പോയത് 2017ലാണ്. നാല് ദ്വീപുകള്‍ കൂടി സമീപ ഭാവിയില്‍ അതേ ഭീഷണി നേരിടുന്നുണ്ട് എന്നാണ് പരിസ്ഥിതി വിദഗ്ദര്‍ പറയുന്നത്.
അടുത്ത എണ്‍പത് കൊല്ലത്തില്‍ അപ്രത്യക്ഷമാവാന്‍ സാധ്യതയുള്ള ദ്വീപുകളുടെ പട്ടികയില്‍ climate vulnurable forum ലക്ഷദ്വീപിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
1998ല്‍ 51% കോറല്‍ കവര്‍ ഉണ്ടായിരുന്ന ലക്ഷദ്വീപിന് 2017ല്‍ കോറല്‍ കവര്‍ ഉള്ളത് 11% മാത്രമാണ്. 20 കൊല്ലത്തില്‍ 40%ത്തിന്റെ നാശം. 2010ലും 2016ലും ഉണ്ടായ എല്‍ നിനോ ദ്വീപിന്റെ പരിസ്ഥിതിയെ വലിയ അളവില്‍ ഉലച്ചിട്ടുണ്ട്.
തീരദേശ മണ്ണൊലിപ്പ് അഥവാ coastal erosion ആണ് പുരളി ഉള്‍പ്പെടെയുള്ള ദ്വീപുകളെ അപ്രത്യക്ഷമാക്കിയത്. എന്നിട്ടും അങ്ങനെയുള്ള ദ്വീപില്‍ തീരദേശ സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കാന്‍ അഡ്മിനിസ്ട്രേഷന് ശ്രമിക്കുമ്ബോള്‍ മത്സ്യ തൊഴിലാളികളുടെ ഷെഡ് പൊളിച്ച ഫാസിസത്തെ അപലപിക്കുകയാണ് ഇവിടുത്തെ സോ കോള്‍ഡ് പരിസ്ഥിതിവാദികള്‍ പോലും. ദ്വീപ് ഇല്ലാതാവുക എന്ന വിദൂര നഷ്ടത്തെക്കാള്‍ തീരദേശത്തു അനുമതി ഇല്ലാതെ നിര്‍മിച്ച ഷെഡുകളും അനധികൃത കെട്ടിടങ്ങളും പൊളിച്ചു കളയേണ്ടി വരിക എന്ന സമീപ നഷ്ടത്തെ കുറിച്ചോര്‍ത്ത് അസ്വസ്ഥരാവുന്ന സാധാരണക്കാരായ മത്സ്യ തൊഴിലാളികളുടെ മനോഭാവത്തെ മനസിലാക്കാം.എന്നാലിത് സസ്റ്റയ്നബിള്‍ ഡെവലപ്മെന്റും സ്റ്റാറ്റസ് കോയിസവും തമ്മിലുള്ള സ്ട്രഗിള്‍ ആണെന്നും അതില്‍ ആര്‍ക്കൊപ്പമാണ് നില്‍ക്കേണ്ടത് എന്നും നമ്മുടെ പ്രബുദ്ധര്‍ക്ക് എന്താണ് മനസ്സിലാവാത്തത്?
ദ്വീപിലെ മനുഷ്യര്‍ക്ക് ഏറ്റവും സുലഭമായി കിട്ടുന്ന ഭക്ഷണമാണ് മത്സ്യം.
അതിപ്പോള്‍ ലക്ഷദ്വീപില്‍ ആയാലും മാലിദ്വീപില്‍ ആയാലും മനുഷ്യര്‍ക്ക് മൂന്ന് നേരവും മീനിന് മുട്ടുണ്ടാവില്ല. രാവിലെ മീന്‍ ചമ്മന്തി കൂട്ടി ദോശയും ഉച്ചക്ക് മീന്‍ കറിയും മീന്‍ വറുത്തതും മീന്‍ പീരയും കൂട്ടി ചോറും വൈകുന്നേരം ചായക്കൊപ്പം മീന്‍ കട്ട്ലെറ്റും മീന്‍ സമോസയും രാത്രി ചപ്പാത്തിയുടെ കൂടെ മീന്‍ ബാര്‍ബിക്യുവും മീന്‍ റോസ്റ്റും കഴിക്കേണ്ട അവസ്ഥയെ പറ്റി ദ്വീപുകളില്‍ താമസിക്കുന്ന സുഹൃത്തുകളില്‍ നിന്ന് ധാരാളം കേട്ടിട്ടുണ്ട്. അവിടങ്ങളില്‍ ഒക്കെ സ്വാഭാവികമായും പച്ചക്കറിക്കാണ് കൂടുതല്‍ ഡിമാന്‍ഡും വിലയും.
കാരണം മീന്‍ കടലില്‍ നിന്ന് വേണ്ടോളം കിട്ടും. പക്ഷെ പഴങ്ങളും പച്ചക്കറികളും അവിടെ വളരില്ല. അത് അടുത്ത പോര്‍ട്ടില്‍ നിന്ന് കപ്പലില്‍ കയറി വേണം ദ്വീപില്‍ എത്താന്‍. അത് കൊണ്ട് മീനിന് കിലോ ഇരുപത് രൂപ ഉള്ളിടത്ത് പച്ചക്കറി കിലോക്ക് ഇരുന്നൂറ് രൂപ വരെ ആവും.
അങ്ങനെയുള്ള ദ്വീപില്‍ ഒരു നേരമെങ്കിലും കുട്ടികള്‍ക്ക് പച്ചക്കറികള്‍ കൊടുക്കുക എന്നാല്‍ പോഷകാഹാരം ഉറപ്പ് വരുത്തുക എന്ന് കൂടിയാണ്. കാരണം മീനും ഇറച്ചിയും രാവിലെയും രാത്രിയും അവര്‍ക്ക് വീട്ടിലും കിട്ടും. പക്ഷെ പച്ചക്കറി സ്കൂളില്‍ നിന്ന് കൊടുത്തില്ലെങ്കില്‍ ചിലപ്പോള്‍ കിട്ടിയെന്നേ വരില്ല.
അതിനെ മാംസാഹാര വിലക്ക് എന്നല്ല, സസ്യാഹാരം ഉറപ്പാക്കല്‍ എന്നാണ് വിളിക്കേണ്ടത്.
എന്നാല്‍ മത യാഥാസ്തികതക്ക് ആ നടപടി അംഗീകരിക്കാനാവില്ല.
ദ്വീപിന്റെ പരമ്പരാഗത ആഹാര ശൈലിയില്‍ ഇടങ്കോലിടുന്ന ഭരണകൂടം എന്നതാണ് അവര്‍ കാണുക. അത് നടപ്പാക്കുന്നത് ബിജെപി സര്‍ക്കാര്‍ നിയമിച്ച അഡ്മിന്സ്ട്രേറ്റര് ആവുമ്ബോള്‍ പ്രത്യേകിച്ചും. പക്ഷെ യഥാര്‍ത്ഥത്തില്‍ ആ സംഘര്‍ഷവും മൂല സമവാക്യത്തിലേത് തന്നെയാണ്.
ഇങ്ങനെ ഓരോ വിഷയമായി എടുത്തു നോക്കിയാലും ഇതിലെല്ലാം അടിസ്ഥാനമായി വര്‍ത്തിക്കുന്നത് ഒരേ സംഗതിയാണ് എന്ന് കാണാം. എന്നാല്‍ അതിനെ മെറിറ്റില്‍ ഉള്‍ക്കൊള്ളണമെങ്കില്‍ ആദ്യം ‘ലക്ഷദ്വീപില്‍ പരിഷ്കാരങ്ങള്‍ വേണം’ എന്ന ബേസിക് പ്രിമൈസിനെ നമ്മള് അംഗീകരിക്കണം. അതംഗീകരിച്ചു കഴിഞ്ഞാല്‍ പിന്നെ ഓരോ നടപടിയുടെയും യുക്തി നമുക്ക് മുന്നില്‍ താനേ തെളിയും. എന്നാല്‍ ആ പ്രിമൈസിനെ തന്നെ നിഷേധിക്കാന്‍ ആണ് ‘ലക്ഷദ്വീപ് 2020 ഡിസംബര്‍ വരെ ഒരു പ്രശ്നവും ഇല്ലാത്ത സുന്ദര ഭൂമി ആയിരുന്നു, അഡ്മിനിസ്ട്രേറ്റര്‍ വന്നതാണ് അവിടുത്തെ ആകെ പ്രശ്നം’ എന്ന വ്യാജ ഉട്ടോപ്പിയന്‍ നരേറ്റീവ് ചിലര്‍ ബോധപൂര്‍വ്വം ആദ്യമേ പൊതുബോധത്തില്‍ പ്രതിഷ്ഠിച്ചത്. ലക്ഷദ്വീപില്‍ ഒരു പ്രശ്നവും ഇല്ലെങ്കില്‍ അവിടെ ഒരു മാറ്റവും ആവശ്യവുമില്ലല്ലോ! തല്‍സ്ഥിതിയെ കാല്പനികവത്കരിച്ചു കൊണ്ട് പരിഷ്കരണം കൊണ്ട് വരുന്നവരെ വില്ലന്മാരാക്കുകയാണ് അവര്‍.
അങ്ങനെയാണ് ഒരു കുറ്റകൃത്യം പോലുമില്ലാത്ത ലക്ഷദ്വീപ് എന്നൊക്കെയുള്ള കഥകള്‍ വരുന്നത്. ക്രിമിനല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതിടത്തു കുറ്റകൃത്യങ്ങളുടെ എണ്ണം രേഖകളില്‍ കാണില്ല എന്നതേയുള്ളൂ അതിന്റെ യാഥാര്‍ഥ്യം. ഡെക്കാന്‍ ക്രോണിക്കിള്‍ നാല് വര്‍ഷം മുന്‍പ് ചെയ്തൊരു സ്റ്റോറിയില്‍ എങ്ങനെയാണ് അണ്ടര്‍ റിപ്പോര്‍ട്ടിങ് ലക്ഷദ്വീപിലെ ക്രൈം റേറ്റിനെ താഴ്ത്തി നിര്‍ത്തുന്നത് എന്ന് വിശദീകരിക്കുന്നുണ്ട്. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരെ ചേര്‍ത്ത് 2017ല്‍ കവരത്തിയില്‍ ആരംഭിച്ച ചൈല്ഡ്ലൈന് ഇന്ത്യ ഫൗണ്ടേഷന് നിലവില്‍ വന്നതിനു ശേഷമാണ് ദ്വീപില്‍ കുട്ടികള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് പരാതിപ്പെടാന്‍ പോലും ഒരു സംവിധാനം ഉണ്ടാവുന്നത്. 64000 ആളുകള്‍ താമസിക്കുന്ന ലക്ഷദ്വീപിലെ 35 ദ്വീപുകള്‍ക്കും കൂടി ആകെ 9 പോലീസ് സ്റ്റേഷനുകളില്‍ ആയി 349 പോലീസുകാര്‍ ആണുള്ളത്.
ഏത് ദ്വീപില്‍ ഉള്ളവര്‍ ആയാലും പരാതി നല്കിയാല് തുടര്‍നടപടികള്‍ക്ക് കവരത്തിയിലെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വരണം എന്നത് കൊണ്ട് ദ്വീപില്‍ ഉള്ളവര്‍ ഒന്നും പോലീസില്‍ പരാതി നല്കാന് മിനക്കേടാതെ കേസുകള്‍ തമ്മില്‍ പറഞ്ഞോ നാട്ടുമധ്യസ്ഥന്മാരെ ഇടപെടുത്തിയോ ഒത്തു തീര്‍ക്കലാണ് പതിവ് എന്ന് ഒരു CIF ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു തന്നെ ആ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നത് കുറ്റകൃത്യങ്ങള്‍ ഇല്ല എന്നതിന്റെ സൂചനയല്ല. നേരെ മറിച്ചു അത് പോലീസിങ് കാര്യക്ഷമമല്ല എന്നതിന്റെ മാത്രം സൂചനയാണ്. നിയമ സംവിധാനത്തിന്റെ ഈ അഭാവം സ്വാഭാവികമായും അവിടെ സമാന്തര നിയമ വ്യവസ്ഥയും നീതി സ്വയം നടപ്പാക്കുന്ന ലോക്കല്‍ ഗാങ്ങുകളെയും സൃഷ്ടിച്ചിട്ടുണ്ട്. ലക്ഷദ്വീപിന് എന്ത് കൊണ്ടാണ് ഗുണ്ടാ ആക്റ്റ് ആവശ്യമാവുന്നത് എന്നതിന് മറ്റൊരു വിശദീകരണവും ആവശ്യമില്ല. കാരണം ടൂറിസം മേഖലയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന അഡ്മിനിസ്ട്രേഷന് ഒരിക്കലും ദ്വീപ് സന്ദര്‍ശിക്കുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികളും നാട്ടുകാരെ പോലെ കുറ്റകൃത്യങ്ങള്‍ക്ക് ഇരകളായാല്‍ നാട്ടു മധ്യസ്ഥന്മാരെ സമീപിച്ചു കുറ്റവാളികളോട് പ്രശ്നം പറഞ്ഞു ഒത്തു തീര്‍പ്പാക്കിക്കോട്ടെ എന്ന് വിചാരിക്കാനാവില്ല.
സഞ്ചാരികളെ ദ്വീപിലേക്ക് ക്ഷണിച്ചു വരുത്തുന്നതിനു മുന്‍പ് അഡ്മിനിസ്ട്രേഷന് ആദ്യം അവര്‍ക്ക് സുരക്ഷിതമായി സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി പോവാനാവുമെന്ന് ഉറപ്പാക്കി കൊണ്ട് ദ്വീപില്‍ വളര്‍ന്നു കൊഴുത്ത ക്രിമിനല്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യേണ്ടതുണ്ട്.
‘ദ്വീപില്‍ ഇതുവരെ ഒരു പ്രശ്നവുമില്ല’ എന്ന വാദം പരിഷ്കരണങ്ങളെ പ്രതിരോധിക്കാനുള്ള മിഥ്യാ വാദം മാത്രമാണ്. ദ്വീപില്‍ പല പ്രശ്നങ്ങളും ഉണ്ടെന്നും അവയ്ക്ക് പരിഹാരങ്ങള്‍ ആവശ്യമാണെന്നും ആദ്യം ഉള്‍ക്കൊള്ളണം.
ദ്വീപില്‍ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി ഉണ്ട്. ദ്വീപിന് മെയിന്‍ലാന്റുമായി ബന്ധമില്ലായ്മ ഉണ്ട്. ദ്വീപ് സാധ്യമായ അവസരങ്ങള്‍ പലതും ഉപയോഗിക്കുന്നില്ലെന്ന പ്രശ്നമുണ്ട്. ഇതിനെയൊക്കെ നിഷേധിക്കാന്‍ പ്രേരിപ്പിക്കുന്ന മതയാഥാസ്തികതക്ക് അവിടെ വലിയ സ്വാധീനവുമുണ്ട്.
ചരക്ക് കയറ്റി വന്ന കപ്പലില്‍ ഒരു നായയും ഉണ്ടായിരുന്നു എന്ന പേരില്‍ ചരക്ക് ഇറക്കാന്‍ സമ്മതിക്കാതെ കപ്പല്‍ തിരിച്ചയച്ചത്ര പ്രബലമാണ് ആ യാഥാസ്തികത.
അതേ യാഥാസ്തികത ആണ് സിനിമ മതവിരുദ്ധമാണ് എന്ന പേരില്‍ ഷൂട്ടിംഗിന് നല്കിയ അനുമതി അഡ്മിനിസ്ട്രേഷനെ കൊണ്ട് പിന്‍വലിപ്പിച്ചത്.
അതേ യാഥാസ്തികത ആണ് ദ്വീപില്‍ യാതൊരു പരിഷ്കരണവും അനുവദിക്കാതെ തല്‍സ്ഥിതി മഹത്വത്കരണം നടത്തി മാറ്റത്തോട് കലഹിക്കുന്നത്.
2020 വരെയുള്ള ദ്വീപ് തന്നെ 2021ലും മതി എന്ന് മലയാളത്തില്‍ പറയുന്നതിന്റെ ജസരി വ്യാഖ്യാനം പുതിയ കാലത്തിനു ദ്വീപിലേക്ക് പ്രവേശനമില്ല എന്നാണ്.
അതിന് കേന്ദ്ര സര്‍ക്കാറിനോടുള്ള രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ പിന്തുണ കൊടുക്കുന്നവര്‍ ദ്വീപിലിനിയും ജനിക്കാനിരിക്കുന്ന തലമുറകളോടാണ് അനീതി ചെയ്യുന്നത്. കാരണം ഏതൊരു നാട്ടിലെയും ‘ജനം’ എന്നത് ഇന്നാ മണ്ണില്‍ ജീവിക്കുന്നവര്‍ മാത്രമല്ല.നാളെ അവിടെ ജീവിക്കേണ്ടവര്‍ കൂടിയാണ്.
അവരെ കൂടി പരിഗണിക്കേണ്ട ബാധ്യത നാട് ഭരിക്കുന്ന ഭരണകൂടങ്ങള്‍ക്ക് ഉണ്ട്.
ഇവിടെ സ്കൂളും ആശുപത്രിയും വേണ്ടെന്ന് ഇന്ന് ജീവിക്കുന്ന മുഴുവന്‍ മനുഷ്യരും ഒന്നിച്ചു പറഞ്ഞാലും അതനുസരിക്കല്‍ അല്ല ജനാധിപത്യം. ജനാധിപത്യം എന്നത് ഇന്നിനെ പറ്റിയുള്ള ചിന്തയോടൊപ്പം തന്നെ നാളേക്കായുള്ള കരുതല്‍ കൂടിയാണ്.
ലക്ഷദ്വീപിന് ഭാവിയെ കരുതിയുള്ള മാറ്റങ്ങള്‍ ആവശ്യമാണ്.
അതുറപ്പാക്കേണ്ടത് ഇന്ത്യന്‍ യൂണിയന്റെ ബാധ്യതയുമാണ്.



