കൊവിഡിന്‍റെ രണ്ടാം തരംഗം പ്രതിരോധിക്കുന്നതില്‍ കോട്ടയം ജില്ല സൃഷ്ടിച്ചത് തനത് മാതൃക.167 കോടി രൂപയുടെ കൊവിഡ് ചികിത്സാ സേവനങ്ങളാണ് സര്‍ക്കാര്‍ സംവിധാനത്തിലൂടെ ജില്ലയില്‍ ഒരുക്കിയത്.. കൃത്യമായ ആസൂത്രണത്തിലൂടെ ഓക്സിജന്‍ ലഭ്യതയും മതിയായ ചികിത്സാ സൗകര്യങ്ങളും ഒരുക്കിയതിലൂടെ മറ്റ് ജില്ലകളെ അപേക്ഷിച്ച് കോട്ടയം ജില്ലയ്ക്ക് മരണ നിരക്ക് കുറയ്ക്കാനായി.
മെഡിക്കല്‍ ഓക്സിജന്‍ ക്ഷാമത്തിന്‍റെ ഭീതിജനകമായ വാര്‍ത്തകള്‍ ഉത്തരേന്ത്യയില്‍ നിന്ന് വരുന്നതിനിടെ തന്നെ ക്ഷാമം മുന്നില്‍ കണ്ട് ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ നടപടികള്‍ കൈ കൊണ്ടു. കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി സ്വന്തമായി ഓക്സിജന്‍ ജനറേറ്റിംഗ് പ്ലാന്റ് സ്ഥാപിച്ചത് കോട്ടയം മെഡിക്കല്‍ കോളേജാണ്. ഇതിന് പുറമെ വീടുകളില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് 24 മണിക്കൂറും ആവശ്യാനുസരണം ഓക്സിജന്‍ ലഭ്യമാക്കാന്‍ സംസ്ഥാനത്ത് ആദ്യമായി ഓക്സിജന്‍ പാര്‍ലറും ഒരുക്കി.



