അമേരിക്കന്‍ കമ്ബനിയായ ഫൈസറും ജര്‍മന്‍ മരുന്ന് നിര്‍മാതാക്കളായ ബയോണ്‍ടെക്കും ചേര്‍ന്ന് നിര്‍മ്മിച്ച കൊറോണ വാക്സിന്‍ റഫ്രിജറേറ്ററില്‍ ഒരുമാസംവരെ സൂക്ഷിക്കാമെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍(എഫ്.ഡി.എ). ഫൈസര്‍ സമര്‍പ്പിച്ച വിവരങ്ങള്‍ അവലോകനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഒരുമാസം വരെ സൂക്ഷിക്കാമെന്ന പുതിയ തീരുമാനം കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ ലഭ്യമാകുന്നതിന് സഹായകമാകുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.

2-8 ഡിഗ്രി സെല്‍ഷ്യസില്‍ റെഫ്രിജറേറ്ററില്‍ വാക്സിന്‍ വയലുകള്‍ ഒരുമാസം വരെ സൂക്ഷിക്കാം. നേരത്തേ ഇതേ താപനിലയില്‍ അഞ്ചുദിവസം സൂക്ഷിക്കുന്നതിന് മാത്രമാണ് അനുമതി നല്‍കിയിരുന്നത്. തിങ്കളാഴ്ച യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും വാക്സിന്‍ ഒരുമാസത്തോളം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. വാക്സിന്‍ സംഭരണവുമായി ബന്ധപ്പെട്ട വ്യവസ്ഥകളില്‍ ഫെബ്രുവരിയില്‍ തന്നെ എഫ്ഡിഎ ഇളവുവരുത്തിയിരുന്നു.

അതിനിടെ കൊറോണയ്ക്ക് ഫലപ്രദമായ ആന്റി വൈറല്‍ മരുന്ന് ഗുളിക രൂപത്തിലാക്കി വികസിപ്പിക്കാനൊരുങ്ങുകയാണ് ഫൈസര്‍. ഇതിനായുള്ള പരീക്ഷണങ്ങള്‍ ഫൈസര്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലേയും ബല്‍ജിയത്തിലേയും കമ്ബനിയുടെ നിര്‍മ്മാണ യൂണിറ്റുകളില്‍ ഇതിനായുള്ള പരീക്ഷണം വിജയകരമായി പുരോഗമിക്കുകയാണ്.

20നും അറുപതിനും മദ്ധ്യേ പ്രായമുള്ള 60 പേരിലാണ് മരുന്നിന്റെ പരീക്ഷണം തുടരുന്നത്. പരീക്ഷണം വിജയകരമായാല്‍ അടുത്ത വര്‍ഷം ആദ്യത്തോടെ മരുന്ന് വിപണിയില്‍ എത്തിയ്ക്കുമെന്നാണ് വിവരം. ഫൈസര്‍ വാക്‌സിനാണ് അമേരിക്ക ആദ്യമായി അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയത്.