ഇന്ത്യയ്ക്ക് ഇതുവരെ 50 കോടി ഡോളറിന്റെ സഹായം നല്‍കിയിട്ടുണ്ടെന്ന് അമേരിക്ക . ഇക്കാര്യം വൈറ്റ് ഹൗസ് ആണ് വ്യക്തമാക്കിയത്. മാത്രമല്ല ഇത് കൂടാതെ 8 കോടി വാക്സിനുകള്‍ വിവിധ ലോകരാജ്യങ്ങള്‍ക്ക് ഉടന്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അമേരിക്ക അറിയിച്ചു.

ഫെഡറല്‍ സര്‍ക്കാരുകള്‍, അമേരിക്കന്‍ സാര്‍ക്കാരുകള്‍, കമ്ബനികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയില്‍ നിന്നായി ഇതുവരെ 50 കോടി അമേരിക്കന്‍ ഡോളര്‍ ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്. ഇന്നലെ വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രസ് സെക്രട്ടറി ജെന്‍ പാസ്കി അറിയിച്ചതാണിത്. ഇന്ത്യയുടെ കൊവിഡ് സ്ഥിതിഗതികള്‍ പരിഗണിച്ച്‌ ഇനിയും ഇത്തരം സഹായങ്ങള്‍ തുടരാനാണ് ബൈഡന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും പ്രസ് സെക്രട്ടറി പറഞ്ഞു. ആരോഗ്യ ഉപകരണങ്ങള്‍, മെഡിക്കല്‍ ഓക്സിജന്‍, ടെസ്റ്റ് കിറ്റുകള്‍, മാസ്കുകള്‍, മരുന്നുകള്‍ എന്നിവ അടങ്ങിയ ആറ് വിമാനങ്ങള്‍ ഇതുവരെ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

ഇതിന് പുറമെ 8 കോടി ഡോസ് വാക്സിനുകള്‍ മറ്റ് ലോക രാജ്യങ്ങള്‍ക്കായി നല്‍കാനുള്ള തീരുമാനവും അമേരിക്ക എടുത്തിട്ടുണ്ട്. അതില്‍ 6 കോടി വാക്സിന്‍ അസ്ട്ര സെനിക്ക വാക്സിനായിരിക്കും. ബാക്കി 2 കോടി വാക്സിനുകള്‍ ഇന്ത്യ അംഗീകരിച്ച വിദേശ വാക്സിനുകളായിരിക്കും നല്‍കുക. ഇവയുടെ വിതരണത്തെ ചൊല്ലി ഇപ്പോള്‍ വൈറ്റ് ഹൗസ് ചര്‍ച്ചകള്‍ നടത്തുകയാണ്.