കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തി പിടിയിലായ ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കൊച്ചി സൗത്ത് എ.സി.പി. പി. രാജ്കുമാർ, എസ്.എച്ച്.ഒ. പ്രേമാനന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇർഫാനെ ചോദ്യംചെയ്യുന്നത്.

ഉത്തർപ്രദേശിലൊരിടത്തുനിന്ന് നാലുകോടിയുടെ മോഷണം താൻ നടത്തിയതായി ഇയാൾ അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ മോഷണം നടത്തിയിട്ടുണ്ടെങ്കിലും കേരളത്തിൽ മുൻപ് മോഷണം നടത്തിയിട്ടില്ലെന്നാണ് ഇയാൾ പറയുന്നത്. ആദ്യഘട്ട ചോദ്യംചെയ്യലിനു ശേഷം ബുധനാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കും.

ശനിയാഴ്ച പുലർച്ചെ നടത്തിയ മോഷണത്തിൽ 1.20 കോടിയുടെ ആഭരണങ്ങളാണ് ഇയാൾ അപഹരിച്ചത്. അത് മുഴുവനും കണ്ടെത്തി.

ഇർഫാന്റെ ഭാര്യയിൽനിന്ന് വിവരങ്ങൾ തേടി

കൊച്ചി: സംവിധായകൻ ജോഷിയുടെ പനമ്പിള്ളി നഗറിലെ വീട്ടിൽനിന്ന് 1.20 കോടിയുടെ സ്വർണ-വജ്രാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി മുഹമ്മദ് ഇർഫാന്റെ ഭാര്യയിൽനിന്ന് പോലീസ് വിവരങ്ങൾ തേടി. ഫോണിലൂടെയാണ് ഇവരുമായി സംസാരിച്ചത്. കവർച്ചയിൽ ഇർഫാന്റെ ഭാര്യ ഗുൽഷൻ പർവീണിനു പങ്കുണ്ടെന്ന സംശയത്തെ തുടർന്നാണിത്.

എന്നാൽ, ഇവർ ചോദ്യങ്ങളോട് കാര്യമായി പ്രതികരിച്ചില്ല. ഇവർ സിതാർമഡി ജില്ലാ അധ്യക്ഷയാണെന്നാണ് നേരത്തേ ലഭിച്ച വിവരം. അധ്യക്ഷ് ജില്ലാ പരിഷത്ത് സിതാർമഡി എന്ന ബോർഡ് െവച്ച കാറിലാണ് പ്രതി കൊച്ചിയിലെത്തിയതും തിരികെ മുംബൈയിലേക്ക് കടക്കാൻ ശ്രമിച്ചതും. പ്രതി സഞ്ചരിച്ച വാഹനം ആരുടേതാണെന്ന് കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.