ദുരന്തനിവാരണ അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര ഉച്ചകോടിയുടെ ആറാം പതിപ്പിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019ൽ ആരംഭിച്ചത് മുതൽ ദുരന്തനിവാരണ അടിസ്ഥാനസൗകര്യങ്ങൾക്കായുള്ള കൂട്ടായ്മയുടെ ശ്രദ്ധേയമായ വളർച്ചയെക്കുറിച്ച് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.  ഇപ്പോൾ 39 രാജ്യങ്ങളുടെയും 7 സംഘടനകളുടെയും ആഗോള കൂട്ടായ്മയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതിദുരന്തങ്ങളുടെ വർദ്ധിച്ചുവരുന്ന ആവൃത്തിയും തീവ്രതയും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ജനങ്ങൾ, കുടുംബങ്ങൾ, സമൂഹങ്ങൾ എന്നിവയിൽ അതിന്റെ യഥാർത്ഥ ആഘാതം കണക്കുകൾക്കപ്പുറമാണെന്ന് എടുത്തുപറഞ്ഞു. “നല്ല നാളേക്കായി നാം ഇന്ന് അതിജീവനശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപിക്കണം. ദുരന്താനന്തര പുനർനിർമ്മാണത്തിന്റെ ഭാഗമാകുമ്പോൾ തന്നെ പുതിയ അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് അതിജീവനശേഷി വർദ്ധിപ്പിക്കണം. ഒരു ദുരന്തത്തിന് ശേഷം ദുരിതാശ്വാസവും പുനരധിവാസവും നടത്തിക്കഴിഞ്ഞാൽ അടിസ്ഥാനസൗകര്യങ്ങളിലെ അതിജീവനശേഷിയിലേക്ക് ശ്രദ്ധ തിരിയണം“ – മോദി പറഞ്ഞു.

പ്രകൃതിക്കും ദുരന്തങ്ങൾക്കും അതിരുകളില്ലെന്ന് അടിവരയിട്ട അദ്ദേഹം, പരസ്പരബന്ധിതമായ ലോകത്ത് ദുരന്തങ്ങളും തടസ്സങ്ങളും വ്യാപകമായ ആഘാതം സൃഷ്ടിക്കുമെന്ന് പറഞ്ഞു. “ഓരോ രാജ്യവും അവരുടേതായ രീതിയിൽ പ്രതിരോധിക്കുമ്പോൾ മാത്രമേ ലോകത്തിന് കൂട്ടായി പ്രതിരോധിക്കാൻ കഴിയൂ. ഈ കൂട്ടായ ദൗത്യത്തിനായി ലോകത്തെ ഒരുമിച്ചുചേരാൻ സിഡിആർഐയും ഈ സമ്മേളനവും സഹായിക്കും“ അദ്ദേഹം പറഞ്ഞു.

“കൂട്ടായ സഹിഷ്ണുത കൈവരിക്കുന്നതിന്, ഏറ്റവും ദുർബലരായവരെ നാം പിന്തുണയ്ക്കണം. ദുരന്തസാധ്യത കൂടുതലുള്ള ചെറു ദ്വീപുകളായ വികസ്വര രാജ്യങ്ങളെ പരാമർശിച്ചുകൊണ്ട്, അത്തരം 13 സ്ഥലങ്ങളിലെ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനുള്ള സിഡിആർഐ പരിപാടി പ്രധാനമന്ത്രി പരാമർശിച്ചു. ഡൊമിനിക്കയിലെ അതിജീവനശേഷിയുള്ള ഭവനങ്ങൾ, പാപുവ ന്യൂ ഗിനിയിലെ അതിജീവനശേഷിയുള്ള ഗതാഗത ശൃംഖലകൾ, ഡൊമിനിക്കൻ റിപ്പബ്ലിക്കിലെയും ഫിജിയിലെയും മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവയുടെ ഉദാഹരണങ്ങൾ അദ്ദേഹം നൽകി. സിഡിആർഐ  ഗ്ലോബൽ സൗത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ അദ്ദേഹം സംതൃപ്തിയും പ്രകടിപ്പിച്ചു.