ചെന്നൈ: ക്രികറ്റ് താരങ്ങളുടെയും ആരാധകരുടെയുമെല്ലാം ഇഷ്ടതാരമാണ് മുന്‍ ഇന്‍ഡ്യന്‍ കാപ്റ്റന്‍ കൂടിയായ എം എസ് ധോണി. ഐപിഎഎലില്‍ ചെന്നൈ സൂപര്‍ കിംഗ്സിന്റെ മത്സരമുണ്ടാവുമ്പോഴെല്ലാം ആരാധകര്‍ കാത്തിരിക്കുന്നത് എം എസ് ധോണിക്ക് വേണ്ടിയാണ്. ഇതിഹാസ താരം കളിക്കളത്തിലിറങ്ങിയാല്‍ ബാറ്റിംഗില്‍ വെടിക്കെട്ട് തീര്‍ത്താണ് മടങ്ങുന്നത്.

ഇപ്പോഴിതാ, കളിക്കളത്തിലെ ശാന്തമായ പെരുമാറ്റത്തിലൂടെ ആരാധകരെ കയ്യിലെടുക്കുന്ന 42 കാരന്റെ കലിപ്പന്‍ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച നടന്ന ലക്നൗ സൂപര്‍ ജയ്ന്റ്സിനെതിരായ മത്സരത്തിലെ ആതിഥേയരുടെ പോരാട്ടത്തിനിടെയുണ്ടായ സംഭവമാണ് ചര്‍ചക്കിടയാക്കിയിരിക്കുന്നത്.

മത്സരത്തില്‍ അവസാന പന്തില്‍ മാത്രമാണ് ധോണിക്ക് ബാറ്റ് ചെയ്യാന്‍ സാധിച്ചത്. ആ പന്ത് ധോണി ബൗന്‍ഡറി കടത്തുകയും ചെയ്തു. എന്നാല്‍ അതിന് മുമ്പ് ധോണിയെ സ്‌ക്രീനില്‍ കാണിച്ചിരുന്നു. റുതുരാജ് ഗെയ്കവാദ് – ശിവം ദുബെ സഖ്യം ബാറ്റ് ചെയ്യുമ്പോഴായിരുന്നു അത്. രണ്ട് പേരും തകര്‍ത്തടിക്കുമ്പോള്‍ ധോണി സ്‌ക്രീനില്‍ തെളിഞ്ഞു. ഡ്രസിങ് റൂമില്‍ തനിക്ക് നേരെ കാമറ സൂം ചെയ്ത കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. കാമറയില്‍ നോക്കി കുപ്പികൊണ്ട് എറിയുന്നത് പോലെ കാണിക്കുകയായിരുന്നു ധോണി. തുടര്‍ച്ചയായി ധോണിയെ ടെലിവിഷനില്‍ കാണിച്ചപ്പോഴാണ് ധോണി തമാശ രീതിയില്‍ ഇത്തരത്തില്‍ കാണിച്ചത്.

ധോണിയുടെ തമാശയാണെന്ന് ചിലര്‍ വാദിക്കുമ്പോള്‍ മറ്റുചിലര്‍ അദ്ദേഹം എന്തോ പിറുപിറുക്കുന്നുണ്ടെന്നും കലിപ്പിലാണെന്നുമാണ് ചൂണ്ടിക്കാട്ടുന്നത്. ധോണി ദേഷ്യപ്പെടാനുള്ള കാരണമന്വേഷിച്ചും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

മത്സരത്തില്‍ ആതിഥേയരായ ചെന്നൈ സൂപര്‍ കിംഗ്സ് പരാജയപ്പെട്ടിരുന്നു. റുതുരാജ് ഗെയ്ക്വാദിന്റെ സെഞ്ചുറിക്ക് മാര്‍കസ് സ്റ്റോയ്നിസിന്റെ തകര്‍പന്‍ സെഞ്ചുറിയിലൂടെ മറുപടി നല്‍കിയ ലക്നൗ, ചെന്നൈക്കെതിരെ ആറ് വികറ്റിന്റെ തകര്‍പന്‍ ജയമാണ് സ്വന്തമാക്കിയത്. ചെന്നൈ സൂപര്‍ കിംഗ്സ് ഉയര്‍ത്തിയ 211 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മൂന്ന് പന്തുകളും ആറ് വികറ്റും ബാക്കി നിര്‍ത്തി ലക്നൗ മറികടന്നു.

56 പന്തില്‍ സെഞ്ചുറി നേടിയ സ്റ്റോയ്നിസ് 63 പന്തില്‍ 124 റന്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 15 പന്തില്‍ 34 റണ്‍സെടുത്ത നികോളാസ് പുരാനും ആറ് പന്തില്‍ 17 റന്‍സുമായി സ്റ്റോയ്നിസിനൊപ്പം വിജയത്തില്‍ കൂട്ടായ ദീപക് ഹൂഡയും ലക്നൗവിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.