തിരുവനന്തപുരം: എല്ലാമാസവും ഒന്നാം തീയതിയുള്ള മദ്യ നിരോധനം പിൻവലിക്കാൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. വർഷത്തിൽ 12 ദിവസം കൂടി മദ്യവിൽപ്പന നടത്തി വരുമാന വർധനവും, ടൂറിസം മേഖലയെയും പരിഗണിച്ചാണ് ഇത്തരത്തിൽ ആലോചന നടക്കുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കഴിഞ്ഞമാസം ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് സർക്കാരിന്‍റെ വരുമാനവർധനയ്ക്കുള്ള നിർദേശങ്ങൾ.

എല്ലാമാസവും ഒന്നാം തീയതി മദ്യവിൽപ്പന ഒഴിവാക്കുന്നത് ടൂറിസം രംഗത്തെ ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ദേശീയ – അന്തർദേശീയ കോൺഫറൻസുകളിൽ നിന്ന് കേരളത്തെ ഒഴിവാക്കാനും ഇത് കാരണമാകുന്നുണ്ട്. ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരോട് ആലോചിച്ച് നിർദേശത്തെക്കുറിച്ച് അഭിപ്രായം അറിയിക്കാൻ ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ബിവറേജ് വിൽപ്പനശാലകൾ ലേലം ചെയ്യൽ, മൈക്രോവൈനറികൾ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ നിർദേശങ്ങളും യോഗത്തിൽ ഉയർന്നതായി മാതൃഭൂമി ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. മസാലചേർത്ത വൈനുകൾ ഉൾപ്പെടെയുള്ളവയുടെ സാധ്യത പരിശോധിക്കാൻ കൃഷിവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

12 ദിവസം കൂടി മദ്യ വിൽപ്പന വരുന്നതോടെ സർക്കാരിന് വരുമാനത്തിൽ ഗണ്യമായ വർധനവാണ് പ്രതീക്ഷിക്കുന്നത്. നേരത്തെയും ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും സർക്കാർ തന്നെ തീരുമാനം തള്ളിയിരുന്നു. 2020ൽ ഇതുസംബന്ധിച്ച ചർച്ചകൾ വന്നപ്പോൾ അന്നത്തെ എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ നിയമസഭയിലാണ് അത്തരം തീരുമാനം പരിഗണനയിലില്ലെന്ന് പറഞ്ഞത്.