തെലങ്കാനയിലെ പെഡാപ്പള്ളിയിലാണ് എട്ടുവര്‍ഷമായി നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണത്. തിങ്കളാഴ്ച രാത്രി 9.45-ന് മേഖലയില്‍ ശക്തമായ കാറ്റുവീശിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവമെന്ന് അധികൃതര്‍ പറഞ്ഞു.

വിവാഹ പാര്‍ടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന 65 പേരടങ്ങുന്ന ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് പിന്നാലെ ഒരുമിനിറ്റിനുശേഷമായിരുന്നു ഇത് തകര്‍ന്നുവീണതെന്ന് 600 മീറ്റര്‍ അകലെയുള്ള ഒഡേഡു ഗ്രാമത്തിന്റെ സര്‍പഞ്ച് സിരികോണ്ട ബക്ക റാവു ദേശീയമാധ്യമങ്ങളോട് പറഞ്ഞു. ശക്തമായ കാറ്റിന് പിന്നാലെയാണ് രണ്ടു തൂണുകള്‍ക്ക് ഇടയ്ക്കുള്ള അഞ്ച് കോണ്‍ക്രീറ്റ് ഗര്‍ഡറുകളില്‍ രണ്ടെണ്ണം തകര്‍ന്നുവീണതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാക്കിയുള്ള മൂന്നും അധികം വൈകാതെ താഴെ വീണേക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍.

തെലങ്കാന നിയമസഭാ സ്പീകര്‍ എസ് മധുസുധന ചാരിയും പ്രദേശത്തെ എംഎല്‍എ പുട്ട മധുവും ചേര്‍ന്നാണ് മനൈര്‍ നദിക്ക് കുറുകെ ഒരു കിലോമീറ്റര്‍ നീളമുള്ള പാലം ഉദ്ഘാടനം ചെയ്തത്. ഒരു വര്‍ഷത്തിനുള്ളില്‍ പാലം പണി പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. എന്നാല്‍ കമിഷനുകള്‍ക്ക് വേണ്ടിയും മറ്റുമുള്ള സമ്മര്‍ദം താങ്ങാനാകാതെയും ബില്‍ മാറി നല്‍കാത്തതിനാലും പാലം പണിയില്‍നിന്ന് കരാറുകാരന്‍ ഒന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ പിന്മാറി. ഇതോടെയാണ് പാലം പണി മന്ദഗതിയിലായത്.

മന്താനി, പാരക്കല്‍, ജമ്മികുന്ത എന്നീ മൂന്ന് നഗരങ്ങളെ ബന്ധിപ്പിച്ച്‌ 50 കിലോമീറ്റര്‍ ദൂരം കുറയ്ക്കാന്‍ വേണ്ടിയാണ് പാലം നിര്‍മിച്ചത്. ഈ പാലത്തിനായി 49 കോടി രൂപയോളം അനുവദിച്ച്‌ ചെലവഴിച്ചിരുന്നു.