ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന് അഞ്ചാം തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 67 റണ്‍സിനാണ് ഡല്‍ഹി പരാജയപ്പെട്ടത്. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍  ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് ട്രാവിസ് ഹെഡിന്റെ (32 പന്തില്‍ 89) കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് അടിച്ചെടുത്തിരുന്നത്. ഹെഡിന് പുറമെ ഷഹ്ബാസ് അഹ്മ്മദ് (29 പന്തില്‍ 59), അഭിഷേക് ശര്‍മ (12 പന്തില്‍ 46) നിര്‍ണായ പ്രകടനം പുറത്തെടുത്തു. ഡല്‍ഹിക്ക് വേണ്ടി കുല്‍ദീപ് യാദവ് നാല് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് 19.1 ഓവറില്‍ 199 റണ്‍സെടുക്കാനാണ് സാധിച്ചത്. ടി നടരാജന്‍ നാല് വിക്കറ്റ് നേടി. 18 പന്തില്‍ 65 റണ്‍സെടുത്ത ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്കാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.