വാഴ്സോ: ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലൻസ്‌കിയെ വധിക്കാൻ പദ്ധതിയിട്ടയാളെ പോളണ്ടിൽ അറസ്റ്റ് ചെയ്തു.

പവൽ എന്ന പോളിഷ് പൗരൻ റഷ്യക്ക് വേണ്ടി ചാരവൃത്തി നടത്തുകയായിരുന്നുവെന്നും സെലെൻസ്‌കിയെ ആക്രമിക്കാനുള്ള റഷ്യൻ പദ്ധതിക്ക് സഹായം ഉറപ്പാക്കാനാണ് നിയോഗിക്കപ്പെട്ടതെന്നും അധികൃതർ പറയുന്നു.

പോളണ്ടില്‍ ഉക്രെയിൻ അതിർത്തിയില്‍ നിന്ന് 100 കിലോമീറ്റർ അകലെയുള്ള റ്‌സെസോ – ജാസിയോൻക വിമാനത്താവളത്തിന്റെ സുരക്ഷാ വിവരങ്ങള്‍ റഷ്യൻ ചാരൻമാർക്ക് നല്‍കാൻ ഇയാള്‍ തയാറെടുത്തിരുന്നെന്നും പോളിഷ് പൊലീസ് പറയുന്നു.

ഉക്രെയിൻ അതിർത്തിക്ക് സമീപമായതിനാല്‍ വിദേശ യാത്രകള്‍ പുറപ്പെടാൻ സെലെൻസ്കി ഉപയോഗിച്ചിരുന്ന വിമാനത്താവളങ്ങളില്‍ ഒന്നാണിത്. ചാരവൃത്തി അടക്കം വിവിധ കുറ്റങ്ങള്‍ ചുമത്തപ്പെട്ട പ്രതി ശിക്ഷിക്കപ്പെട്ടാല്‍ എട്ടു വർഷം വരെ തടവു ശിക്ഷ ലഭിക്കാം.