ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ദിനത്തിലെ ഡ്യൂട്ടിക്കിടെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ കേന്ദ്രസേന ഉദ്യോഗസ്ഥന് വീരമൃത്യു. ഛത്തീസ്ഗഡിലെ ബിജാപൂരിലാണ് ഐഇഡി സ്ഫോടനമുണ്ടായത്. ഗുരുതര പരിക്കേറ്റ സിആർപിഎഫ് അസിസ്റ്റന്റ് കമാൻഡന്റിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഉസൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗൽഗാം ഗ്രാമത്തിന് സമീപത്തുള്ള ഒരു പോളിംഗ് ബൂത്തിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയാണ് സംഭവമുണ്ടായത്. നക്‌സൽ ബാധിത പ്രദേശമായ ബസ്തർ ലോക്‌സഭാ മണ്ഡലത്തിലാണ് ബിജാപൂർ ജില്ല സ്ഥിതിചെയ്യുന്നത്. പരിക്കേറ്റ ഉദ്യോഗസ്ഥന് പ്രാഥമിക വൈദ്യചികിത്സ നൽകിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ഇവിടെ ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ട വോട്ടെടുപ്പാണ് നടന്നത്.