ടെഹ്‌റാൻ: ഇറാനെതിരെ ഇസ്രായേൽ മിസൈൽ ആക്രമണം നടത്തി. ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയിലെ സൈനിക താവളത്തിന് സമീപം നിരവധി സ്ഫോടനങ്ങൾ കേട്ടതായി ഇറാനിയൻ മാധ്യമമായ ഫാർസ് റിപ്പോർട്ട് ചെയ്തു. 

ഇറാനെതിരായ സൈനിക നടപടിയുമായി ഇസ്രായേൽ മുന്നോട്ട് പോയാൽ ഇറാൻ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളഹിയാൻ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് ആക്രമണം.

ഇറാൻ്റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയുടെ കേന്ദ്രബിന്ദുവായ നതാൻസ് ഉൾപ്പെടെ നിരവധി ഇറാനിയൻ ആണവ സൈറ്റുകൾ ഇസ്ഫഹാൻ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്.

ഇറാന്‍ വ്യോമപാതയിലൂടെയുള്ള നിരവധി വിമാനങ്ങള്‍ തിരിച്ചുവിട്ടതായി സി.എന്‍.എന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ നയതന്ത്രകാര്യാലയത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണമാണ് സംഘര്‍ഷങ്ങള്‍ക്കാധാരമായത്. തുടര്‍ന്ന് ഇതിന് തിരിച്ചടിയെന്നോണം ശനിയാഴ്ച മുന്നൂറിലധികം ഡ്രോണുകളും മിസൈലുകളുമയച്ച് ഇറാന്‍ മറുപടി നല്‍കിയിരുന്നു.