ബെൽജിയത്തിൽ 100 വർഷം പഴക്കമുള്ള ഗുഡ്‌സ് ട്രെയിൻ വാഗൺ കണ്ടെത്തി പുരാവസ്തു ഗവേഷകർ. ആൻറ് വെർപ് നഗരത്തിൽ പുരാതന കോട്ടയുടെ ഖനനത്തിനിടെയാണ് വാഗണിൻറെ ഭാഗങ്ങൾ കണ്ടെത്തിയത്. ലണ്ടൻ നോർത്ത് ഈസ്റ്റ് റെയിൽവേയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഗുഡ്‌സ് ട്രെയിനിൽ ഘടിപ്പിച്ചിരുന്ന വാഗൺ കുഴിച്ചട്ടതിൽ ദുരൂഹതയുണ്ടെന്ന് ഗവേഷകർ പറയുന്നു.

ലണ്ടൻ നോർത്ത് ഈസ്റ്റ് റെയിൽവേയുടെ ആസ്ഥാനത്തുനിന്ന് 500 മൈൽ അകലെയാണ് വാഗണിൻറെ ഭാഗങ്ങൾ കണ്ടെത്തിയതെന്ന് റയിൽവേ അധികൃതർ അറിയിച്ചു. റെയിൽവേയുടെ ആദ്യകാല മോഡലുകളിൽ ഒന്നാണിത്. 1930ലാണ് വാഗൺ ഉപയോഗിച്ചത്. 1923ലാണ് റെയിൽ കമ്പനി  പ്രവർത്തനം ആരംഭിച്ചത്. 

തടി കൊണ്ടാണ് വാഗൺ നിർമിച്ചത്. കടുംചുവപ്പു പെയിൻറ് ആണ് പൂശിയിരുന്നത്. മഞ്ഞ പെയിൻറിലുള്ള അക്ഷരങ്ങളും കാണാം. എഴുത്തുകൾ വ്യക്തമായി വായിക്കാം. പെയിൻറിനും വലിയതോതിൽ മങ്ങൽ സംഭവിച്ചിട്ടില്ല. പ്രദേശിക ചരക്കുനീക്കത്തിനായി  ഉപയോഗിച്ചതായിരുന്നു വാഗൺ. യുകെയിൽ അക്കാലത്ത് ചരക്കുനീക്കത്തിനു ധാരാളമായി ഗുഡ്‌സ് ട്രെയിനുകൾ ഉപയോഗിച്ചിരുന്നു. അതേസമയം, ആൻറ് വെർപിൽ വാഗൺ എത്തിപ്പെട്ടതും കുഴിച്ചിട്ടതും ദുരൂഹമാണെന്ന് പുരാവസ്തു ഗവേഷകനായ ഫെംകെ മെറ്റേൺസ് പറഞ്ഞു.