മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയം. ത്രില്ലറില്‍ ഒമ്പത് റണ്‍സിന്റെ ജയമാണ് മുംബൈ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് അടിച്ചെടുത്തത്. 53 പന്തില്‍ 78 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 19.1 ഓവറില്‍ 183ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ജസ്പ്രിത് ബുമ്ര, ജെറാള്‍ഡ് കോട്‌സ്വീ എന്നിവരാണ് പഞ്ചാബിനെ ഒതുക്കിയത്. ജയിച്ചെങ്കിലും മുംബൈ ഒമ്പതാം സ്ഥാനത്താണ്. ആറ് മത്സരങ്ങളില്‍ നാല് പോയിന്റാണ് അവര്‍ക്ക്്. പഞ്ചാബ് എട്ടാമതാണ്.