അയോധ്യ: പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമി രാമക്ഷേത്രത്തിൽ ഭക്തിപൂർവം ആഘോഷിച്ചു. അപൂർവ സംഭവമായ രാംലല്ലയുടെ ‘സൂര്യ അഭിഷേക്’ ചടങ്ങിനും ഈ ദിനം സാക്ഷിയായി. ഉച്ചയ്ക്ക് 12:16 മുതൽ 12:21 വരെ അഞ്ച് മിനിറ്റ് ഈ പ്രതിഭാസം നീണ്ടുനിന്നു. സൂര്യ രശ്‌മികൾ രാംലല്ലയുടെ നെറ്റിയിൽ 75 മില്ലിമീറ്റർ നീളത്തിലുള്ള തിലകമായി പതിച്ചു.

എല്ലാ വർഷവും ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിലെ ഒമ്പതാം തിഥിയായ രാമനവമിയിൽ സൂര്യപ്രകാശം കൃത്യമായി ശ്രീരാമന്റെ വിഗ്രഹത്തിൽ പതിക്കുന്ന തരത്തിലാണ് പ്രതിഷ്ഠ സ്ഥാനം രൂപകല്പന ചെയ്തിരിക്കുന്നത്. ക്ഷേത്രത്തിൽ ബുധനാഴ്ച പുലർച്ചെ 3.30 ന് മംഗള ആരതി ചടങ്ങുകൾ നടന്നു. രാത്രി 11 വരെ ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകും.

ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ശേഷം വലിയ ഭക്തജനത്തിരക്കിനാണ് അയോധ്യ സാക്ഷ്യം വഹിച്ചത്. രാമനവമി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഭക്തിനിർഭരമായി ആഘോഷിച്ചു. രാമന്റെ ജനനത്തെ അനുസ്മരിക്കുന്ന ഈ ദിനം ഹിന്ദുമത വിശ്വാസികൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. രാമ നവമി ദിനത്തിൽ, ഭക്തർ രാവിലെ ഉണർന്ന് കുളിച്ചു ശുദ്ധി വരുത്തുകയും ഭഗവാൻ രാമന്റെ ചിത്രത്തിന് മുന്നിൽ ദീപം തെളിക്കുകയും പൂജ നടത്തുകയും ചെയ്യുന്നു.

പല വീടുകളിലും രാമ നവമി ദിനത്തിൽ പ്രത്യേക വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. രാമ ലീല നാടകങ്ങൾ, ഭജനകീർത്തനങ്ങൾ, പ്രഭാഷണങ്ങൾ തുടങ്ങിയ പരിപാടികളും ഈ ദിനത്തിൽ സംഘടിപ്പിക്കാറുണ്ട്. നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ രാമനവമി വളരെ വിപുലമായി ആഘോഷിക്കാറുണ്ട്. അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ഹിന്ദു സമൂഹങ്ങളും രാമനവമിയോട് അനുബന്ധിച്ച് പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.