കേരളത്തിൽ ഉയർന്ന താപനില രേഖപ്പെടുത്തുമ്പോഴും സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ മഴ മുന്നറിയിപ്പ്.  പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,  ഇടുക്കി, എറണാകുളം എന്നീ ജില്ലകൾക്കാണ് ഇന്ന് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ  നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരപ്രദേശങ്ങളിലും  ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ആയതിനാൽ കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് മുതൽ ബുധൻ (17-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.