കൊച്ചി: സിനിമാടിക്കറ്റുകൾ ബുക്കുചെയ്യാൻ സർക്കാർ ആവിഷ്കരിച്ച ‘എന്റെ ഷോ’ മൊബൈൽ ആപ്പിനും വെബ്സൈറ്റിനും ‘ആപ്പ് വെച്ച്’ തിയേറ്ററുടമകളും വൻകിട ടിക്കറ്റ് ബുക്കിങ് കമ്പനികളും. ജനുവരിയിൽ എല്ലാ തിയേറ്ററുകളിലും നടപ്പാക്കുമെന്ന് പറഞ്ഞ ‘എന്റെ ഷോ’ ഇനിയും ഒരിടത്തും എത്തിയിട്ടില്ല.

ടിക്കറ്റ് നിരക്കിനുപുറമേ ഒന്നരരൂപ അധികം ഈടാക്കുന്ന ‘എന്റെ ഷോ’യിലൂടെ പ്രേക്ഷകർക്ക് വലിയ സാമ്പത്തികലാഭം ഉണ്ടാകുമായിരുന്നു. ഇപ്പോൾ വൻകിട ബുക്കിങ് ആപ്പുകളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഒരു ടിക്കറ്റിന് 26 രൂപ അധികമായി നൽകണം. ഈ കൊള്ള അവസാനിപ്പിക്കാനും എത്രടിക്കറ്റ് വിറ്റെന്ന കണക്ക് സർക്കാരിനും നിർമാതാക്കൾക്കും തിയേറ്റർ ഉടമകൾക്കും ലഭിക്കാനുമായാണ് ‘എന്റെ ഷോ’ ആപ്പ് ആവിഷ്കരിച്ചത്.

ഏതുസംവിധാനം വഴി ടിക്കറ്റ് വിതരണംചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം തിയേറ്ററുകൾക്കാണെന്നും ടിക്കറ്റ് വിതരണം ആപ്പിലൂടെ സർക്കാർ ഏറ്റെടുത്താൽ കൃത്യമായ സമയത്ത് തങ്ങളുടെ വിഹിതം കിട്ടില്ലെന്നും പറഞ്ഞാണ് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് ‘എന്റെ ഷോ’യെ എതിർത്തത്. ഇതിനെ നിയമപരമായി നേരിടുമെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ‘എന്റെ ഷോ’യിൽനിന്ന് സർക്കാർ പിന്നോട്ടുപോയത്.

തിയേറ്ററുടമകൾക്കുപിന്നിൽ വൻകിട ടിക്കറ്റ് ബുക്കിങ് കമ്പനികളാണെന്നാണ് സിനിമാമേഖലയിലുള്ളവർ പറയുന്നത്. ഈ രംഗത്ത് കുത്തകയായിമാറിയ ഒരു കമ്പനിയിൽനിന്ന് വൻതുക മിക്ക തിയേറ്ററുടമകളും അഡ്വാൻസായി വാങ്ങിയിട്ടുണ്ട്. അതു മറച്ചുവെച്ച് മുട്ടാപ്പോക്ക് ന്യായങ്ങൾപറഞ്ഞ് തിയേറ്ററുടമകൾ ‘എന്റെ ഷോ’യെ എതിർക്കുകയാണെന്ന് നിർമാതാക്കൾ പറയുന്നു.