ന്യൂഡൽഹി: യാത്രക്കാരെ ആശങ്കയുടെ മുൾമുനയിൽ നിർത്തി ഇൻഡിഗോ വിമാനം. അയോദ്ധ്യയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് ഇന്ധനം തീരാൻ മിനിറ്റുകൾ ശേഷിക്കെ ലാൻഡ് ചെയ്ത് യാത്രക്കാരെ പരിഭ്രാന്തരാക്കിയത്. മോശം കാലാവസ്ഥയെ തുടർന്ന് വിമാനം വഴിതിരിച്ചു വിട്ടതിനെ തുടർന്നാണിത്.

വിമാനത്തിലെ യാത്രക്കാരില്‍ ഒരാളായിരുന്ന പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സതീഷ് കുമാര്‍ തന്റെ അനുഭവം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. അയോദ്ധ്യയിൽ നിന്നും 3:25 pm ന് പുറപ്പെട്ട 6E2702 എന്ന ഇൻഡിഗോ വിമാനം 4:30 pm ന് ആണ് ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ ഇതിനു 15 മിനിറ്റുകൾ ശേഷിക്കെ ഡൽഹിയിലെ മോശം കാലാവസ്ഥ കാരണം ലാൻഡ് ചെയ്യുന്നതിൽ തടസ്സം നേരിടുന്നുണ്ടെന്ന്‌ പൈലറ്റ് അറിയിക്കുകയായിരുന്നു. തുടർന്ന് രണ്ടു തവണ വിമാനം ലാൻഡിങ്ങിനായുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു.

4:15pm ആയപ്പോൾ കേവലം 45 മിനിറ്റുകൾക്ക് വേണ്ടിയുള്ള ഇന്ധനം മാത്രമേ ശേഷിക്കുന്നുള്ളുവെന്നു പൈലറ്റ് അറിയിച്ചെന്നും പിന്നീട് വിമാനം ചണ്ഡീഗഢിലേക്ക് തിരിക്കുകയാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞതായും സതീഷ് കുമാർ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ യാത്രക്കാരും പരിഭ്രാന്തരായി. ഒന്ന് രണ്ടു മിനിട്ടുകൾക്ക് കൂടിയുള്ള ഇന്ധനം ശേഷിക്കെ വിമാനം 6:10 pm ന് ചണ്ഡീഗഡ് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഇൻഡിഗോ സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.