ബംഗളൂരു: മലയാളി താരങ്ങളായ സജന സജീവന്‍, ആശ ശോഭന എന്നിവര്‍ ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഐപിഎല്ലിലെ പ്രകടനമാണ് ഇരുവര്‍ക്കും ടീമില്‍ അവസരം നല്‍കിയത്. ആദ്യമായിട്ടാണ് ഇരുവരും ഇന്ത്യന്‍ ടീമിലെത്തുന്നത്. സജന വയനാട്ടില്‍ നിന്നുള്ള താരമാണ്. ആശ തിരുവനന്തപുരം സ്വദേശിയാണ്.

ആര്‍സിബിയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു ശോഭന. സജന മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്തിരുന്നു. അതേസമയം, മറ്റൊരു മലയാളി താരം മിന്നു മണിക്ക് ടീമില്‍ ഇടം നേടാനായില്ല. വനിതാ ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ താരമാണ് മിന്നു. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയാണ്.